pen-camera

കൊച്ചി: വീട്ടിനുള്ളിലെ കുളിമുറിയിൽ ഒളിക്യാമറ വച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയ ഐ ടി വിദഗ്ദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കോന്തുരുത്തി സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയിൽ പെൻ ക്യാമറ വച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.

ഭാര്യയോടൊപ്പം സൗഹൃദ സന്ദർശനത്തിന് എത്തിയ വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിലാണ് സനൽ രഹസ്യ ക്യാമറ ഒളിപ്പിച്ചു വച്ചത്. വീട്ടുകാരും ഭാര്യയും അറിയാതെയായിരുന്നു ഇത്. കുളിമുറിയിൽ പെൻ ക്യാമറ ഒളിപ്പിച്ച ശേഷം തിരിച്ച് പോയ സനൽ കുറച്ച് കഴിഞ്ഞ് തിരിച്ചെത്തി. ഇതിനിടയിലാണ് യുവതി കുളിമുറിയിൽ സംശയകരമായി പേന കണ്ടത്. പേന തന്റെതാണെന്നും അബദ്ധത്തിൽ കുളിമുറിയിൽ മറന്നു വച്ച് പോന്നതാണെന്നും പറഞ്ഞ് പേന തിരികെ വാങ്ങാൻ സനൽ ശ്രമിച്ചു.

ഒരു നീല ബട്ടൻ പേനയിൽ തെളിഞ്ഞ് നിൽക്കുന്നത് ശ്രദ്ധയിൽപെട്ട യുവതി പേന തിരികെ കൊടുക്കാതെ പരിശോധിച്ചപ്പോഴാണ് ഒളിക്യാമറയും മെമ്മറി കാർഡും കണ്ടെത്തിയത്. മെമ്മറി കാർഡ് പരിശോധിച്ചതിൽ സനൽ ക്യാമറ ഒളിപ്പിക്കുന്ന ദൃശ്യങ്ങളും പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.