benzema

വിരമിക്കൽ പ്രഖ്യാപനം പിറന്നാൾ ദിനത്തിൽ

പാരീസ്: നിലവിലെ ബാലോൺ ഡി ഓർ ജേതാവ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസെമ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് താരം ഫ്ര‌ഞ്ച് ജേഴ്സിയിൽ ഇനി താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചത്. അതേസമയം ക്ലബ് ഫുട്ബാളിൽ താരം തുടരും. പരിശ്രമങ്ങളിലൂടെയും പിഴവുകളിലൂടെയുമാണ് ഇവിടെ വരെ ഞാൻ എത്തിയത്. അതൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കഥ ഞാൻ എഴുതിക്കഴിഞ്ഞു. അത് അവസാനിക്കുകയാണ്. -ബെൻസേമ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് ട്വിറ്ററിൽ കുറിച്ചു.

ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധം വഷളായതിനെത്തുടർന്നാണ് ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് അർജന്റീനയോട് തോറ്റതിന് മണിക്കൂറുകൾക്കകം ബൻസേമയുടെ വിരമിക്കൽ പ്രഖ്യാപനം. നേരത്തേ ഫ്രാൻസിന്റെ ലോകകപ്പ് ടീമിൽ ബെൻസെമയുണ്ടായിരുന്നു. എന്നാൽ ലോകകപ്പിന് തൊട്ടുമുമ്പ് താരത്തിന് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ലോകകപ്പിൽ ഒരുമത്രം പോലും ബെൻസെമയ്ക്ക് കളിക്കാനായില്ല. പകരം മറ്റൊരു താരത്തെയും ദെഷാംപ്സ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരിക്ക് ഭേദമായിട്ടും തന്നെ ടീമിലേക്ക് തിരിച്ച് വിളിക്കാതിരുന്നതിൽ അസന്തുഷ്ടനായിരുന്നു ബെൻസെമ. ബെൻസെമ കഴിഞ്ഞയാഴ്ച റയൽ മാഡ്രിഡിനായി സൗഹൃദ മത്സരം കളിച്ചിരുന്നെങ്കിലും, ലോകകപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കാൻ ദെഷാംപ്സ് തയ്യാറായില്ല.

ഫ്രാൻസിനായി 97മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാന്‍സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ബെൻസെമ.

വിവാദങ്ങളെയും വിലക്കിനെയും തുടർന്ന് 2018ലെ ലോകകപ്പിലും ബെൻസെമയ്ക്ക് കളിക്കാനായിരുന്നില്ല. ഫ്രഞ്ച് ടീമിൽ തന്റെ സഹതാരമായിരുന്ന മാത്യു വാൽബ്യുനയുമായി ബന്ധപ്പെട്ട സെക്സ് ടേപ്പ് ബ്ലാക്ക് മെയിൽ കേസാണ് അന്ന് ബെൻസെമയെ ടീമിന് പുറത്താക്കിയത്.