russia

കീവ് : യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ വ്യാപക റഷ്യൻ വ്യോമാക്രമണം. കീവിലെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഞായറാഴ്ച രാത്രിയായിരുന്നു റഷ്യയുടെ ആക്രമണം. സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. രണ്ട് പേർക്ക് പരിക്കേറ്റു. വിക്ഷേപിച്ച 23 മിസൈലുകളിൽ 18 എണ്ണം തങ്ങൾ വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു. അതേ സമയം, മിസൈൽ ആക്രമണത്തിൽ ഊർജ സംവിധാനങ്ങൾ തകർന്നതോടെ നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്നലെ ബെലറൂസിലെത്തി. റഷ്യ - ബെലറൂസ് സംയുക്ത സൈനികാഭ്യാസത്തിന് മുന്നോടിയായി മിൻസ്ക് വിമാനത്താവളത്തിലെത്തിയ പുട്ടിനെ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോ സ്വീകരിച്ചു. ബെലറൂസിനെ അധിനിവേശത്തിന്റെ ഭാഗമാക്കാൻ റഷ്യ തയാറെടുക്കുകയാണെന്നും അതിന്റെ ഭാഗമാണ് പുട്ടിന്റെ സന്ദർശനമെന്നും യുക്രെയിൻ ആരോപിച്ചു.