
ന്യൂയോർക്ക് : അലങ്കാര ദീപങ്ങളും വിവിധ നിറത്തിലെ ഉരുണ്ട ബോളുകളുമൊക്കെ കൊണ്ട് അലങ്കരിച്ച് തലയെടുപ്പോടെ നിൽക്കുന്ന ക്രിസ്മസ് ട്രീകൾ കാണാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. രാത്രിയിൽ ക്രിസ്മസ് ട്രീകളിൽ നിന്നൊഴുകുന്ന വർണ വെളിച്ചം സൃഷ്ടിക്കുന്ന മനോഹാരിത ഒന്ന് വേറെ തന്നെ.
ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന സുന്ദരമായ ക്രിസ്മസ് ട്രീകൾക്ക് ഏകദേശം 2000 വർഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. വടക്കൻ യൂറോപ്പിലാണ് ക്രിസ്മസ് ട്രീയുടെ ഉത്ഭവം എന്ന് കരുതുന്നു. ക്രിസ്മസ് ട്രീയുടെ ഉത്ഭവത്തെ പറ്റി നിരവധി കഥകൾ പ്രചാരത്തിലുണ്ട്.
1500കൾക്കും 1600കൾക്കും ഇടയിൽ ലാത്വിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്രിസ്മസ് ട്രീ ഉടലെടുക്കുകയും പിന്നീടത് ജർമനിയിലേക്ക് വ്യാപിക്കുകയുമായിരുന്നു. 1840കളിൽ വിക്ടോറിയ രാജ്ഞിയുടെ ഭർത്താവായ പ്രിൻസ് ആൽബർട്ട് ആണ് ഇംഗ്ലണ്ടിലേക്ക് ക്രിസ്മസ് ട്രീയെ എത്തിക്കുന്നത്.
രാജകുടുംബാംഗങ്ങൾ ക്രിസ്മസ് ട്രീയെ ഏറ്റെടുത്തതോടെ അത് അമേരിക്കയിലേക്കും വ്യാപകമായി. ഇന്ന് ബക്കിംഗ്‌ഹാം പാലസിലും അമേരിക്കയിലെ വൈറ്റ് ഹൗസിലുമൊക്കെ ക്രിസ്മസ് സീസണെത്തിയാൽ ക്രിസ്മസ് ട്രീകളിൽ ദീപങ്ങൾ തെളിയിക്കുന്നത് ഗംഭീരമായി ആഘോഷിക്കുന്നു.
 റോക്ക്ഫെല്ലർ എന്ന റോക്ക് സ്റ്റാർ
ന്യൂയോർക്ക് സിറ്റിയിലെ മിഡിൽടൗൺ മാൻഹട്ടണിലെ റോക്ക് ഫെല്ലർ സെന്ററിലാണ് പ്രശസ്തമായ റോക്ക്ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീ സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും ഏകദേശം 125 മില്യൺ ജനങ്ങൾ ഇവിടം കാണാനെത്തുന്നുണ്ടെന്നാണ് കണക്ക്. നോർവീജിയൻ പൈൻ മരമാണ് ഇവിടെ ക്രിസ്മസ് ട്രീയ്ക്കായി തിരഞ്ഞെടുക്കുന്നത്. സാധാരണയായി 69 മുതൽ 100 അടി വരെ ഉയരവും ഇവയ്ക്കുണ്ടാകും. 1933 മുതൽ റോക്ക്ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീ അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമാണ്.
എല്ലാവർഷവും നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യ വാരത്തോടെയോ ആണ് ക്രിസ്മസ് ട്രീയിൽ തിരിതെളിയുക. ഇത്തവണ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സാന്നിദ്ധ്യത്തിൽ നവംബർ 30നാണ് റോക്ക്ഫെല്ലർ സെന്റർ ക്രിസ്മസ് ട്രീയ്ക്ക് തിരിതെളിഞ്ഞത്. 82 അടി ഉയരമുള്ള ഈ വർഷത്തെ ട്രീയിൽ 50,000 എൽ.ഇ.ഡി ലൈറ്റുകളും സ്വറോവ്‌സ്കി ക്രിസ്റ്റൽ സ്റ്റാറുകളുമുണ്ട്. ജനുവരി പകുതി വരെ ക്രിസ്മസ് ട്രീയെ ഇവിടെ കാണാം.
 ലോകത്തെ ഏറ്റവും നീളം കൂടിയ ക്രിസ്മസ് ട്രീ എന്ന ഗിന്നസ് റെക്കേഡ് 1950ൽ സിയാറ്റിലിലെ നോർത്ത്ഗേറ്റ് ഷിപ്പിംഗ് സെന്ററിൽ നിർമിച്ച ഡഗ്ലസ് ഫിർ ക്രിസ്മസ് ട്രീയാണ്. 221 അടിയായിരുന്നു ഇതിന്റെ ഉയരം
 ക്രിസ്മസ് ട്രീയ്ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നവ;
സ്കോച്ച് പൈൻ, ഡഗ്ലസ് ഫിർ, ഫ്രേസർ ഫിർ, ബാൽസം ഫിർ, വൈറ്റ് പൈൻ
 ക്രിസ്മസ് ട്രീകളിലെ രാജാവ് - നോർഡ്മൻ ഫിർ
 ഏകദേശം 1850 മുതലാണ് അമേരിക്കയിൽ ക്രിസ്മസ് ട്രീ വിപണിയിലെത്തുന്നത്
 അമേരിക്കയിലെ ക്രിസ്മസ് ട്രീ ഫാമുകൾ ഏറെ പ്രസിദ്ധമാണ്. 98 ശതമാനം ക്രിസ്മസ് ട്രീകളും ഇവിടെയാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. 350 മില്യൺ ക്രിസ്മസ് ട്രീകളാണ് അമേരിക്കൻ ഫാമുകളിൽ വളരുന്നത്
 15,000 ത്തോളം ക്രിസ്മസ് ട്രീ ഫാമുകൾ അമേരിക്കയിലുണ്ടെന്നാണ് കണക്ക്
 6 മുതൽ 7 അടി വരെയാണ് ഒരു സാധാരണ ക്രിസ്മസ് ട്രീയുടെ വലിപ്പം
 പണ്ട് പക്ഷികളുടെ തൂവലുകൾ ക്രിസ്മസ് ട്രീയിൽ ഇലകൾക്ക് പകരം ഉപയോഗിച്ചിരുന്നു
 ഒരു കാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ് ട്രീ തലകീഴായി തൂക്കിയിടുന്നതും പ്രചാരത്തിലുണ്ടായിരുന്നു