
അര്‍ജന്റീനയ്ക്കായി നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പുയര്‍ത്തിയതിന് പിന്നാലെ വീണ്ടും റെക്കോഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് ലയണല്‍ മെസി. ലോകകപ്പ് ഫൈനലിന് പിന്നാലെ മെസിയാണോ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ച താരം എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എക്കാലത്തെയും മികച്ച താരം എന്ന അര്‍ഥത്തില്‍ 'ഗോട്ട്' എന്ന വിശേഷണത്തിന് മെസി തന്നെയാണ് ഇപ്പോള്‍ കൂടുതലര്‍ഹന്‍ എന്നാണ് സോഷ്യല്‍ മീഡിയയിൽ പ്രചരണം നടക്കുന്നത്.
ഇതിന് പിന്നാലെ റൊണാള്‍ഡോയെ മറ്റൊരു നേട്ടത്തിലും ഇപ്പോള്‍ പുറകിലാക്കിയിരിക്കുകയാണ് മെസി. സാധാരണയായി സോഷ്യല്‍ മീഡിയയിലെ ആരാധകവൃന്ദം ക്രിസ്റ്റ്യാനോയുടെ കുത്തകയായാണ് കണക്കാക്കപ്പെട്ടിരുന്നത്. അത്രയധികം ഫോളോവേഴ്സാണ് സൂപ്പര്‍ താരത്തിന് വിവിധ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലായുള്ളത്.
എന്നാലിപ്പോള്‍ ക്രിസ്റ്റ്യാനോയുടെ സോഷ്യല്‍ മീഡിയയിലെ റെക്കോഡ് പഴങ്കഥയാക്കിയിരിക്കുകയാണ് മെസിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ലോകകപ്പ് നേട്ടമറിയിച്ച് മെസി പങ്കുവച്ച പോസ്റ്റാണ് ചരിത്രത്തില്‍ ഇടം നേടിയത്. ഇതിനോടകം 43 മില്ല്യണ്‍ ലൈക്കുകള്‍ നേടിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഒരു കായികതാരം പങ്കുവച്ച പോസ്റ്റുകളില്‍ ഏറ്റവുമധികം ലൈക്കുകള്‍ നേടുന്ന പോസ്റ്റായി മാറി.
ലോകകപ്പിന് മുന്നോടിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവച്ച, താനുമൊത്ത് ചെസ് കളിക്കുന്ന 41.9 മില്ല്യണ്‍ ലൈക്കുകളുള്ള ചിത്രത്തിന്റെ റെക്കോര്‍ഡാണ് മെസി തിരുത്തിയത്.
ലോക ചാമ്പ്യന്മാര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. 'ഒരുപാട് തവണ ഞാന്‍ സ്വപ്നം കണ്ടു. ഞാന്‍ ഒരുപാട് ആഗ്രഹിച്ചു. എനിക്ക് വിശ്വസിക്കാനാവുന്നില്ല. എന്റെ കുടുംബത്തിനു നന്ദി. ഞങ്ങളില്‍ വിശ്വസിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി. അര്‍ജന്റീനക്കാര്‍ പോരാളികളാണെന്നും ഒരുമിച്ച് ശ്രമിച്ചാല്‍ ആഗ്രഹിക്കുന്നത് നേടുമെന്നും നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. വ്യക്തി എന്നതിനു മുകളില്‍ ഈ സംഘത്തിന്റെ കരുത്താണ് ഒരുമിച്ചുള്ള സ്വപ്നത്തിലേക്ക് പൊരുതാന്‍ കരുത്തായത്. നമ്മള്‍ നേടിയിരിക്കുന്നു. വാമോസ് അര്‍ജന്റീന.' മെസി കുറിച്ചു.