uae

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക തിരിച്ചറിയൽ സംവിധാനം പ്രവർത്തനമാരംഭിച്ചു. യാത്രക്കാർക്ക് വിവിധ ആവശ്യങ്ങൾക്ക് മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്ന ബയോമെട്രിക്ക് സംവിധാനമാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്പനി വിമാനത്താവളത്തിൽ സജ്ജീകരിച്ചത്. യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും ആർട്ടിഫിഷ്യഷൽ ഇന്റലിജൻസ് വിനിയോഗിക്കുന്ന സംവിധാനം ഉപയോഗപ്രദമാകും.

പദ്ധതിയുടെ ആദ്യഘട്ടമെന്നോണം വിമാനത്താവളത്തിലെ ചില സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച് പോയിന്റുകള്‍, ഇമിഗ്രേഷന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് പുതിയ ബയോമെട്രിക്ക് സംവിധാനം പരീക്ഷണാർഥം പ്രവർത്തിച്ച് തുടങ്ങിയത്. വൈകാതെ തന്നെ ടെർമിനൽ ബിൽഡിംഗിലെ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ ടച്ച് പോയിന്റുകളിലും ഈ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള ബയോമെട്രിക്ക് സംവിധാനം ഏർപ്പെടുത്തുന്ന മേഖലയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായി മാറാനുള്ള തയ്യാറെടുപ്പിലാണ് അബുദാബി വിമാനത്താവളം.