
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷ കാലത്തെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ റെയിൽവേ ബോർഡ് ചെയർമാൻ വി കെ ത്രിപാഠിയ്ക്ക് കത്തയച്ചു.
നിലവിലെ ട്രെയിനുകളിൽ കോച്ച് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അവധിക്കാലത്ത് നിരവധി പേരാണ് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ കേരളത്തിലേക്ക് വരും. ഈ അവസരം മുതലെടുത്ത് സ്വകാര്യ ബസ്സുകൾ വലിയ നിരക്ക് വർദ്ധനയാണ് വരുത്തുന്നത്. എറണാകുളത്തു നിന്ന് ചെന്നൈയിലേക്ക് നാലായിരം രൂപയാണ് ഈ സമയത്തെ ബസ് ചാർജ്ജ്. ഈ കൊള്ളയിൽ നിന്ന് യാത്രക്കാരെ രക്ഷിക്കാൻ കൂടുതൽ ട്രെയിനുകൾ ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.