death

മോസ്കോ : നിഗൂഡത വർദ്ധിപ്പിച്ച് വീണ്ടും ഒരു റഷ്യൻ വ്യവസായി കൂടി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. റഷ്യൻ റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഡിമിട്രി സെലെനോവിനെ ( 50 ) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഫ്രാൻസിലെ തീരദേശ നഗരമായ ആന്റിബ്സിൽ സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയ ഡിമിട്രി ഡിസംബർ 9ന് മരിച്ചതെന്നാണ് റിപ്പോർട്ട്. കോണിപ്പടിയിൽ നിന്ന് താഴെ വീണാണ് മരണമെന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുഹൃത്തുക്കളുമൊത്ത് ആഹാരം കഴിക്കവെ അസ്വസ്ഥത നേരിട്ടതിന് പിന്നാലെയാണ് ഡിമിട്രി കോണിപ്പടിയിൽ നിന്ന് വീണത്.

തലയ്ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. എന്നാൽ പരിക്ക് തന്നെയാണോ യഥാർത്ഥ മരണകാരണം എന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിമിട്രി മുമ്പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. മോസ്കോയിലെ ട്രയംഫ് പാലസ് ടവർ നിർമ്മിച്ച ഡോൺ - സ്ട്രോയി കമ്പനിയുടെ സ്ഥാപകനാണ് ഡിമിട്രി. റഷ്യയിലെയും യൂറോപ്പിലെയും ഏറ്റവും ഉയരമേറിയ അപ്പാർട്ട്മെന്റ് കെട്ടിടമാണിത്.

യുക്രെയിനിൽ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഊർജ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി റഷ്യൻ വ്യവസായികളാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. ഇവരിൽ പലരും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായികളായിരുന്നു.

കോർപ്പറേഷൻ ഫോർ ദ ഡെവലപ്പ്മെന്റ് ഒഫ് ദ ഫാർ ഈസ്റ്റ് ആൻഡ് ആർട്ടികിന്റെ ഏവിയേഷൻ വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയുമായിരുന്ന ഇവാൻ പെകോർ സെപ്തംബറിൽ ആഡംബര നൗകയിൽ നിന്ന് വീണ് മുങ്ങി മരിച്ചിരുന്നു.

സെപ്തംബർ 1ന് റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ, വാതക കമ്പനിയായ ലൂക്കോയിലിന്റെ ചെയർമാൻ റാവിൽ മാഗനോവ് ( 67 ) മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിലെ ആറാം നിലയിലെ ജനാല വഴി പുറത്തേക്ക് വീണ് മരിച്ചു. ഹൃദയ സംബന്ധമായ രോഗത്തിന് ഇവിടെ ചികിത്സയിൽ കഴിഞ്ഞതാണ് അദ്ദേഹം.

റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ്പ്രോമിലെ ഉദ്യോഗസ്ഥരായ ലിയനോയ്‌ഡ് ഷൂൾമാൻ, അലക്സാണ്ടർ ട്യുലകോവ് തുടങ്ങി മറ്റ് അര ഡസനോളം വ്യവസായികൾ ജനുവരി മുതൽ ആത്മഹത്യയിലൂടെയോ ഹൃദയാഘാതത്തെ തുടർന്നോ മരിച്ചു.