
കൊടുവളളി: ലോകമാകെ സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകകപ്പ് സമയത്ത് ശ്രദ്ധ നേടിയ പുളളാവൂർ പുഴയിലെ കട്ടൗട്ടുകൾ നാളെ രാവിലെ എട്ട് മണിയോടെ നീക്കം ചെയ്യും. കൊടുവളളി നഗരസഭയുടെ ഇതുസംബന്ധിച്ച നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് പ്രദേശത്തെ ഫുട്ബാൾ ആരാധകർ അറിയിച്ചു. ലോകകപ്പ് വിജയിച്ച അർജന്റീനയുടെ നായകൻ ലയണൽ മെസി, റൊണാൾഡോ, ബ്രസീലിയൻ നായകൻ സൂപ്പർതാരം നെയ്‌മർ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകളാണ ്പുഴയിൽ സ്ഥാപിച്ചത്.
കോഴിക്കോട്ടെ ഈ കട്ടൗട്ടുകൾ വാർത്താപ്രാധാന്യം നേടിയതോടെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുണ്ടായി. പുഴയുടെ ഒത്ത നടുക്ക് അർജന്റീന ആരാധകരുടെ മെസി കട്ടൗട്ടാണ് ആദ്യം വന്നത്. പിന്നാലെ അതിലും വലിപ്പത്തിൽ നെയ്‌മറുടെ കട്ടൗട്ട് ഉയർന്നു. വൈകാതെ റൊണാൾഡോയുടെ കട്ടൗട്ടും ആരാധകർ സ്ഥാപിച്ചു. ഇവ രാത്രിയിലും കാണാൻ ലൈറ്റടക്കം വച്ചിരുന്നു. ഇതിനിടെ അഭിഭാഷകൻ ശ്രീജിത്ത് പെരുമന പുഴയുടെ സ്വാഭാവിക ഒഴുക്ക് കട്ടൗട്ടുകൾ തടസപ്പെടുത്തും എന്നുകാട്ടി പെരുമന പഞ്ചായത്തിൽ പരാതി നൽകി. എന്നാൽ കട്ടൗട്ട് മാറ്റില്ലെന്ന് പഞ്ചായത്ത് അറിയിച്ചതോടെ വിവാദം കെട്ടടങ്ങിയിരുന്നു. കളിയാരവം ഒഴിഞ്ഞു ഇനി ബോർഡുകൾ എടുത്തുമാറ്റാം എന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് അറിയിച്ചതിന് പിന്നാലെയാണ് പുഴയിലെ കട്ടൗട്ടുകൾ മാറ്റുന്നത്.