pinarayi-

തിരുവനന്തപുരം : കഴിഞ്ഞയാഴ്ച ഗവർണർ നടത്തിയ ക്രിസ്തുമസ് വിരുന്നിന് പകരമെന്നവണ്ണം ഇന്ന് മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. എന്നാൽ ഈ വിരുന്നിലേക്ക് ഗവർണറെ ഇനിയും ക്ഷണിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച ഗവർണർ നടത്തിയ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും ഇവർ പങ്കെടുത്തിരുന്നില്ല. തലസ്ഥാനത്തെ മാസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി വിരുന്ന് സംഘടിപ്പിക്കുന്നത്.

ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രോട്ടോക്കോൾ പാലിക്കണമെന്നും, ഇത് വിരുന്നിനെത്തുന്ന അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് വിരുന്നിലേക്ക് ഗവർണറെ ക്ഷണിക്കാത്തതിനുള്ള കാരണമായി അറിയുന്നത്. എന്നാൽ ജസ്റ്റിസ് പി സദാശിവം ഗവർണറായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ വിരുന്നിൽ പതിവായി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.

ഏറെ നാളായി ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിന് ഒരു അവസാനം കുറിക്കാൻ കൂടിയായിരുന്നു ഗവർണർ വിരുന്ന് സംഘടിപ്പിച്ച് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. എന്നാൽ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നതും, സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന വിരുന്നിൽ ഗവർണറെ ക്ഷണിക്കാതിരിക്കുന്നതും ഇരുവരും തമ്മിലുള്ള അകൽച്ച വർദ്ധിപ്പിച്ചേക്കും . ഓണം വാരാഘോഷത്തിന്റെ സമാപന പരിപാടിയിൽ ഗവർണറെ ക്ഷണിക്കാതിരുന്ന സർക്കാർ നടപടി അദ്ദേഹത്തെ ഏറെ പ്രകോപിപ്പിച്ചിരുന്നു.