
കൊച്ചി: കേരളത്തിലെ ആദ്യ 5 ജി മൊബൈൽ സർവീസിന് ഇന്ന് കൊച്ചി നഗരത്തിൽ തുടക്കമാകും. റിലയൻസ് ജിയോ സർവീസ് ഇന്ന് വൈകിട്ട് 5.30ന് പനമ്പിള്ളി നഗർ അവന്യൂ സെന്ററിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുക. കൊച്ചിയിൽ 5 ജി അവതരിപ്പിക്കുന്നതിനായി 130ലേറെ ടവറുകൾ ജിയോ നവീകരിച്ചിരുന്നു. 5ജി അവതരിക്കുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം കേന്ദ്രം പുറത്ത് വിട്ടിരുന്നു. ഇതിൽ കൊച്ചി മാത്രമാണ് കേരളത്തിൽ നിന്നും ഇടം നേടിയത്. താമസിയാതെ കേരളമെമ്പാടും 5ജി ലഭ്യമാവും.
ഈ മാസം അവസാനത്തോടെ രാജ്യമെമ്പാടും 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറിലാണ് രാജ്യം 5ജിയിലേക്ക് മാറിയത്. ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽകുമാർ, കളക്ടർ ഡോ. രേണുരാജ്, എം.എൽ.എമാരായ കെ.എൻ. ഉണ്ണിക്കൃഷ്ണൻ, ഉമ തോമസ്, ടി.ജെ. വിനോദ് തുടങ്ങിയവർ പങ്കെടുക്കും.