bevco-sale-report-

തിരുവനന്തപുരം: ലോക കപ്പ് ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തിൽ അർജന്റീനയ്ക്കും ഫ്രാൻസിനും ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കേരളീയർ കുടിച്ചത് 56 കോടിയുടെ മദ്യം. ഫുട്‌ബോൾ ആവേശം സിരകളിൽ കൊഴുത്തുകയറിയപ്പോൾ ബെവ്‌കോയുടെ ഒരു ദിവസത്തെ വരുമാനത്തിൽ വന്ന വർദ്ധന 21 കോടിയോളം രൂപ.

സാധാരണ ദിവസങ്ങളിൽ ശരാശരി 35 കോടിയും, ഞായറാഴ്ചകളിൽ 40 കോടിയുമാണ് ബെവ്‌കോ ഷോപ്പുകൾ വഴിയുള്ള വില്പന.ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും ചില്ലറ വില്പന ശാലകൾ വഴി കഴിഞ്ഞ ഞായറാഴ്ച വിറ്റത് 50 കോടിയുടെ മദ്യമാണ്. ശനിയാഴ്ച വെയർഹൗസുകളിൽ നിന്ന് ബാറുകൾ വാങ്ങിയത് ആറു കോടിയുടെ മദ്യവും. കഴിഞ്ഞ ദിവസം വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനവും കൈകാര്യ ചെലവ് ഒരു ശതമാനവും കൂട്ടിയതോടെ മദ്യത്തിന്റെ വിലിയൽ മാറ്റം വന്നു.

രാത്രിയിലാണ് വില വർദ്ധന നടപ്പാക്കാനുള്ള നിർദ്ദേശം വെയർഹൗസ് മാനേജർമാർക്കും റീജിയണൽ മാനേജർമാർക്കും കിട്ടിയത്. പുതുക്കിയ വില കണക്ക് കൂട്ടാൻ ബെവ്‌കോ ഐ.ടി വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നതനിടെയാണ് ലോക കപ്പ് ഫൈനൽ എത്തുന്നത്. കൂടുതൽ വില്പന നടന്ന ഷോറൂമുകൾ ഏതെല്ലാമെന്ന് തിട്ടപ്പെടുത്തി വരുന്നേയുള്ളു.