buffer-zone-

തിരുവനന്തപുരം : ബഫർസോൺ വിഷയം അനുദിനം സങ്കീർണ്ണമാവുകയും പ്രതിപക്ഷവും ക്രൈസ്തവ സഭകളും പ്രത്യക്ഷ സമര രംഗത്തിറങ്ങുകയും ചെയ്ത സാഹചര്യത്തിൽ, പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകിട്ട് 3.30ന് ചേരും. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.

ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സർക്കാർ ആലോചിക്കുന്നത് . ബഫർ സോൺ വിഷയത്തിൽ ക്രൈസ്തവ സഭകൾ ആരംഭിച്ച പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പിന് വഴിയൊരുക്കാൻ പാടില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് യോഗം. ഉപഗ്രഹ സർവേ ഫലപ്രദമല്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് എ.ജിയും സ്റ്റാൻഡിംഗ് കോൺസലുമായും ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടുന്ന കാര്യവും പരിഗണനയിലുണ്ട്.

ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതോടെ പ്രതിഷേധം സർക്കാരിനെതിരായത് തടയാനുള്ള നടപടികൾ അടിയന്തരമായി വേണമെന്നാണ് എൽ.ഡി.എഫിലെ ആവശ്യം. ബഫർസോൺ വിഷയം വിഴിഞ്ഞം സമരം പോലെ നീട്ടിക്കൊണ്ടു പോകരുതെന്ന് സർക്കാരിനും എൽ.ഡി.എഫിനും ആഗ്രഹമുണ്ട്. പ്രശ്നം നീണ്ടുപോകുന്നത് ഇടതുമുന്നണിയിൽ തന്നെ വലിയ രാഷ്ട്രീയ ചേരിതിരിവിനുള്ള വഴിയൊരുക്കുമെന്നും സി.പി.എം കരുതുന്നു. ബഫർ സോണിലെ ആശങ്ക ജോസ് കെ.മാണി പരസ്യമായി അറിയിച്ചിരുന്നു. ബഫർ സോണുമായി ബന്ധപ്പെട്ട പ്രാദേശിക സമരങ്ങളിൽ സി പി എം നേതാക്കൾ ഉൾപ്പടെ പങ്കെടുക്കുന്നതും പാർട്ടിക്ക് തലവേദനയാകുന്നുണ്ട്. കൂരാച്ചുണ്ടിൽ നടന്ന ജനജാഗ്രതാ സദസിലാണ് സി പി എം പ്രാദേശിക നേതാക്കൾ പങ്കെടുത്തത്.

ശക്തമായ പ്രക്ഷോഭത്തിന്‌കെ.പി.സി.സി

പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സംസ്ഥാന സർക്കാർ അലംഭാവമുപേക്ഷിച്ച് ജനങ്ങളുടെ ആശങ്കയകറ്റാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കെ.പി.സി.സി ഭാരവാഹികളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.

സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടത്തിയ ഉപഗ്രഹ സർവേ ജനങ്ങളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻപറഞ്ഞു. അശാസ്ത്രീയവും അപൂർണ്ണവുമായ ഉപഗ്രഹ സർവേ ആരെ തൃപ്തിപ്പെടുത്താനാണെന്ന് വ്യക്തമാക്കണം. ഗ്രൗണ്ട് സർവേയും പഠനവും നടത്തി ബഫർ സോൺ പരിധി നിശ്ചയിക്കണമെന്നും ,അതിന് കൂടുതൽ സമയം അനുവദിക്കണമെന്നുമുള്ള കരുതൽ മേഖലയിലെ ജനങ്ങളുടെ ആവശ്യം ന്യായമാണ്. ജനങ്ങളുടെ ജീവൽപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണം. തട്ടിക്കൂട്ട് സർവേ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെങ്കിൽ സിൽവർ ലൈനിന്റെ കാര്യത്തിൽ നേരിട്ട അനുഭവമായിരിക്കും സർക്കാരിനെ കാത്തിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ്. ബഫർ സോൺ മേഖലകളിലെ ജനങ്ങളെ സംഘടിപ്പിച്ചാവും പ്രക്ഷോഭം.

ബഫർ സോൺ വിഷയത്തിൽ കോൺഗ്രസിന്റെ സമരത്തിനും ഇന്ന് തുടക്കമാകും. കോഴിക്കോട് കൂരാച്ചുണ്ടിൽ വൈകീട്ട് മൂന്നരയ്ക്കാണ് സമര പ്രഖ്യാപന കൺവെൻഷൻ. പരിപാടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർഷക സംഘടനകളുടെ പിന്തുണയിൽ മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. തിരുവനന്തപുരത്തെ മലയോര മേഖലകളിലും പ്രതിഷേധമുയരുന്നുണ്ട്. ഇന്ന് അമ്പൂരിയിൽ പ്രതിഷേധം സംഗമം സംഘടിപ്പിക്കും.