trump

വാഷിംഗ്ടൺ: കാപിറ്റോൾ കലാപത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതിയുടെ നിർദേശം. കലാപത്തിന് പ്രേരിപ്പിച്ചതിനും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, രാജ്യത്തെ വഞ്ചിക്കാൻ ശ്രമിച്ചതിനും മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെന്നാണ് സമിതി ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സമാധാനപരമായ അധികാര പരിവർത്തനത്തെ തടസപ്പെടുത്താൻ ട്രംപ് പദ്ധതിയിട്ടതിന് കമ്മിറ്റിയ്ക്ക് സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ട്.' പാനലിന്റെ കണ്ടെത്തലുകൾ വിശദീകരിക്കുന്നതിനിടയിൽ പ്രതിനിധി ജാമി റാസ്‌കിൻ പറഞ്ഞു.

യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഴിഞ്ഞ ജനുവരി ആറിനാണ് കാപിറ്റോൾ ഹില്ലിൽ കലാപമുണ്ടായത്. ആക്രമണം ട്രംപിന്റെ പിന്തുണയോടെയാണ് നടന്നതെന്ന് വ്യാപകമായി ആക്ഷേപമുണ്ടായിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക് ,ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ നിന്ന് ട്രംപിനെ വിലക്കിയിരുന്നു.