world-cup

കോഴിക്കോട്: ആരാധകരെ മുൾ മുനയിൽ നിറുത്തിയ അർജന്റീന ഫ്രാൻസ് ലോകകപ്പ് മത്സരത്തിനാണ് ലോകം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. സ്‌കോർ നില മാറി മറിഞ്ഞപ്പോൾ ആകാംക്ഷയുടെ കൊടുമുൾമുനയിലായിരുന്നു ലോകമെമ്പാടുമുള്ള ആരാധകർ. എന്നാൽ ഫൈനൽ മത്സരഫലം കിറു കൃത്യമായി പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി.

നടുവണ്ണൂർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആയിഷ ഐഫയാണ് ഫലം കൃത്യമായി പ്രവചിച്ച് ശ്രദ്ധേയമായത്. പ്രവചന മത്സരത്തിനായി സ്‌കൂളിൽ സ്ഥാപിച്ചിരുന്ന ബോക്സിൽ കുഞ്ഞു കടലാസിലാണ് ഐഫയുടെ പ്രവചനം എഴുതിയിട്ടത്. ഇന്നലെ രാത്രി കളി കഴിഞ്ഞതോടെ അദ്ധ്യാപകർ ബോക്സ് തുറക്കുകയായിരുന്നു.

ഒരാളും കൃത്യമായി പ്രവചിക്കില്ലെന്ന് കരുതി ഷൂട്ടൗട്ടിലെ സ്‌കോറായ 4 - 2 ഉത്തരമായി പരിഗണിക്കാമെന്നായിരുന്നു സംഘാടകരുടെ തീരുമാനം. 9 നറുക്കുകൾ വരുകയും ചെയ്തു. എന്നാൽ എല്ലാ കണക്കൂകൂട്ടലുകളും അപ്രസക്തമാക്കിയായിരുന്നു സ്‌കോറും പെനാൽറ്റിയും അടക്കമുള്ള ആയിഷയുടെ പ്രവചനം.

നിശ്ചിത സമയത്ത് 3-3, ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന ജയിക്കുമെന്നാണ് ആയിഷ പ്രവചിച്ചത്.
അർജന്റീന ആരാധികയാണ് ആയിഷ. രണ്ടും മികച്ച ടീമുകളായതുകൊണ്ടാണ് ഇത്തരത്തിൽ പ്രവചിച്ചതെന്ന് ആയിഷ പറഞ്ഞു. നിരവധി പേരാണ് ആയിഷയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.