
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയ കേസിൽ കൂടുതൽ ഇടനിലക്കാരുണ്ടെന്ന് സൂചന. പണം തട്ടിയെന്ന് കാണിച്ച് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ അമരവിള എൽ പി സ്‌കൂളിലെ അറബിക് അദ്ധ്യാപകനായ ഷംനാദിനെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് പന്ത്രണ്ട് ലക്ഷം തട്ടിയെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി.
അതേസമയം, ഉദ്യോഗാർത്ഥിയോട് കേസിലെ പ്രതfകളായ ശ്യാംലാലും, പ്രേംകുമാറും സംസാരിക്കുന്നതിന്റെ ഫോൺ സംഭാഷണം ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടിട്ടുണ്ട്. ഈ ഉദ്യോഗാർത്ഥിയോട് പണം വാങ്ങിയത് ഷംനാദാണെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് തവണയായിട്ടാണ് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയത്.
'സംഗതി ക്ലോസ് ചെയ്യാൻ പോകുകയാണ്. ലിസ്റ്റ് ഇടാൻ വേണ്ടി.ആദ്യത്തെ നൂറിൽ തന്നെ കയറ്റാനാണ്. താമസിക്കണ്ടെന്ന് ഞാൻ പറഞ്ഞു. അതിനിടയിൽ പാർട്ടിക്കാർ കൊണ്ടുകൊടുത്താൽ അവരുടേത് മാത്രമേ എടുക്കൂ. അവർ നമ്മൾ വാങ്ങിന്നത്രയൊന്നുമല്ല കുറഞ്ഞത് ഇരുപത്തിയഞ്ചെങ്കിലും വാങ്ങിക്കും. നമ്മുടേത് നേരിട്ട് ആയോണ്ടാണ് എമൗണ്ട് കുറവ്'- എന്നാണ് പ്രേംകുമാർ ഫോണിൽ പറയുന്നത്.
കേസിലെ മൂന്നാം പ്രതിയാണ് പ്രേംകുമാർ. ഇയാൾ താമസിച്ചിരുന്ന പൂജപ്പുര വട്ടവിളയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ തെളിവുകൾ പലതും കത്തിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കത്താതെ ശേഷിച്ച ചില ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.