
ദോഹ : ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഫുട്‌ബോൾ ഫൈനലിൽ അമിതാവേശം കാട്ടി ടോപ്ലസായ അർജന്റീനയുടെ ആരാധികയ്ക്ക് രാജ്യം വിടാനാവുമോ എന്ന കാര്യത്തിൽ ആശങ്ക. യാഥാസ്ഥിതിക രാജ്യമായ ഖത്തറിൽ നഗ്നതാ പ്രദർശനം ജയിൽവാസം ലഭിക്കാവുന്ന കുറ്റമാണ്. ഗോൺസാലോ മോണ്ടിയേലിന്റെ പെനാൽറ്റി കിക്കിന് ശേഷമാണ് അജ്ഞാതയായ യുവതി ടോപ്പ് ഊരി ആഘോഷത്തിൽ ഏർപ്പെട്ടത്. എന്നാൽ ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യം പുറത്ത് വന്നതോടെയാണ് എല്ലാവരും കണ്ടത്.
ഇക്കുറി ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപേ ഖത്തറിലെ നിയമങ്ങൾ ഫുട്‌ബോൾ പ്രേമികളുടെ ആസ്വാദനത്തെ ബാധിക്കുമെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ നിരവധി കാര്യങ്ങളിൽ ഖത്തർ ഭരണകൂടം ഇളവ് അനുവദിക്കുകയും, മനോഹരമായ രീതിയിൽ ഒരു പിഴവും വരുത്താതെ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആരാധികയുടെ കടന്ന കൈയ്ക്ക് എങ്ങനെയാവും ഖത്തർ നിയമങ്ങൾ പ്രതികരിക്കുക എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. പൊതുസ്ഥലത്ത് അമിതമായി ചർമ്മം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് വിലക്കുള്ള രാജ്യമാണ് ഖത്തർ
1986 ന് ശേഷം അർജന്റീന ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയ മത്സരം ഏറെ വികാരഭരിതമായിരുന്നു. പിരിമുറുക്കത്തിന്റെ കൊടുമുടി കയറിയ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്.