messi

ബ്യൂണസ് അയേഴ്‌സ്: മൂന്ന് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നേടിയ നിധിയുമായി അ‌ർജന്റീനിയൻ നായകൻ ലയണൽ മെസിയും ടീമംഗങ്ങളും ജന്മനാട്ടിലെത്തി. പതിനൊന്നരയോടാണ് താരങ്ങൾ ലോകകപ്പുമായി അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിൽ എത്തിയത്. തങ്ങളുടെ ചാമ്പ്യൻമാരെ വരവേൽക്കാൻ കാത്തിരുന്ന ലക്ഷക്കണക്കിന് ആരാധകരുടെ ഇടയിലേയ്ക്കാണ് സംഘം വന്നിറങ്ങിയത്. ആരാധകരെ അഭിവാദ്യം ചെയ്തതിന് ശേഷം അ‌ർജന്റീന ഫുട്‌ബോൾ ആസോസിയേഷന്റെ ആസ്ഥാനത്തേയ്ക്കാണ് മെസിയും സംഘവും പോകുന്നത്. അവിടെ ചെറിയ രീതിയിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിശ്രമത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യാൻ ബ്യൂണസ് അയേഴ്‌സിലെ ഒബലീസ്‌കോയിൽ ടീം വീണ്ടുമെത്തും.

പാട്ടും മേളവും ആർപ്പുവിളികളുമായാണ് ഫുട്‌ബോൾ മിശിഹായെയും സംഘത്തെയും ആരാധകർ സ്വീകരിച്ചത്. ലോകകപ്പ് ഉയർത്തി മുന്നിൽ നടന്ന മെസിയ്ക്ക് പിന്നിലായി മറ്റ് അംഗങ്ങളും വിമാനത്തിന് പുറത്തേയ്ക്ക് ഇറങ്ങി. പിന്നാലെ തുറന്ന ബസിൽ ആരാധകർക്ക് അഭിവാദ്യം അർപ്പിച്ച് ഫുട്‌ബോൾ ആസ്ഥാനത്തേയ്ക്ക്. പാട്ടിനൊപ്പം നൃത്തമാടി സംഘാങ്ങളും തങ്ങളുടെ വിജയമാഘോഷിച്ചു. തുറന്ന ബസിലെ നഗരപ്രദക്ഷിണം കാണാൻ റോഡിന്റെ ഇരുവശത്തുമായി തടിച്ചൂകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ അധികൃതർ പാടുപെടുന്നുണ്ടായിരുന്നു.

ലോകകപ്പ് ഏറ്റുവാങ്ങിയതിന് പിന്നാലെ തന്നെ തന്റെ നാട്ടിൽ എത്രയും വേഗം എത്തണമെന്നായിരുന്നു മെസി പറഞ്ഞത്. ഫുട്‌ബോൾ കരിയറിൽ പൂർണത നേടി നിറകണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി സ്വർണകപ്പും ഉയർത്തി മെസി എത്തിയപ്പോൾ 36 വർഷത്തിന് ശേഷം അർജന്റീനിയൻ ജനത ഏറ്റവും വലിയ ആഘോഷത്തിലേയ്ക്ക് കടക്കുകയാണ്.