bufferzone

തിരുവനന്തപുരം: ബഫർസോൺ പ്രതിഷേധത്തിൽ അയവുവരുത്താൻ മന്ത്രിമാർ മലങ്കര കാത്തോലിക്കാ സഭ അദ്ധ്യക്ഷൻ ബസേലിയോസ് ക്ലിമിസ് കത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ആന്റണി രാജുവും റോഷി അഗസ്റ്റിനുമാണ് കർദിനാളുമായി ചർച്ച നടത്തിയത്.

തിരുവനന്തപുരം പട്ടത്തെ ബിഷപ്പ് ഹൗസിൽവച്ചാണ് ചർച്ച നടന്നത്. ബഫർ സോണിൽ ആശങ്കയില്ലെന്ന് കർദിനാളിനെ കണ്ടതിന് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ബഫർ സോൺ വിഷയത്തിൽ ക്രൈസ്തവ സഭകൾ ആരംഭിച്ച പ്രതിഷേധം രാഷ്ട്രീയ മുതലെടുപ്പിന് വഴിയൊരുക്കാൻ പാടില്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്‌ച.

അതേസമയം, ബഫർസോണുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് വൈകിട്ട് 3.30ന് ചേരും. യോഗത്തിൽ ഫീൽഡ് സർവേക്കായി കാലാവധി നീട്ടിതരണമെന്ന് വിദഗ്ധസമിതി സർക്കാരിനോട് ആവശ്യപ്പെടും. വിഷയത്തിൽ ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ഉറപ്പുനൽകിയിരുന്നു. ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധനാ റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സർക്കാർ ആലോചിക്കുന്നത് .