
കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴാണ് പറ്റിയ സമയം. അടുത്ത വർഷം മുതൽ അതായത് 2023 ജനുവരി മുതൽ കാർ കമ്പനികൾ മിക്ക മോഡലുകൾക്കും വില വർദ്ധിപ്പിക്കുവാൻ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 2023 ഏപ്രിൽ മുതൽ രാജ്യത്തെ വിവിധ വാഹന നിർമ്മാതാക്കൾ അവരുടെ 17 കാറുകളുടെ നിർമ്മാണം നിർത്തിവയ്ക്കാൻ ഒരുങ്ങുന്നു എന്നാണ്. സർക്കാർ ഏർപ്പെടുത്തുന്ന റിയൽ ഡ്രൈവിംഗ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണത്രേ ഈ കടുത്ത തീരുമാനം നിർമ്മാതാക്കൾ സ്വീകരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ അടുത്ത വർഷം ഏപ്രിൽ മുതൽ രാജ്യത്ത് നിലവിൽ വരും.
വാഹനങ്ങളുടെ വാതകങ്ങൾ പുറന്തള്ളുന്ന എമിഷൻ ലെവലുകൾ നിരീക്ഷിക്കുന്നതിന് വാഹനങ്ങൾക്ക് ഒരു ഓൺബോർഡ് സെൽഫ് ഡയഗ്‌നോസ്റ്റിക് ഉപകരണം ഉണ്ടായിരിക്കണമെന്നാണ് റിയൽ ഡ്രൈവിംഗ് എമിഷൻ (ആർഡിഇ) മാനദണ്ഡങ്ങളിലുള്ളത്. 2020ൽ ആരംഭിച്ച ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടമായാണ് ആർഡിഇയെ കണക്കാക്കുന്നത്.
ഈ മാനദണ്ഡങ്ങൾ പാലിക്കണമെങ്കിൽ വാഹന നിർമ്മാതാക്കൾക്ക് കാർ എഞ്ചിനുകൾ നവീകരിക്കേണ്ടിവരും. ഈ പുതിയ എമിഷൻ മാനദണ്ഡങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഡീസൽ കാറുകളെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോൾ കാറുകളിലും ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. ഇത് കമ്പനിയുടെ ഉൽപാദനച്ചെലവ് വർദ്ധിച്ചേക്കാം. പുതിയ നിയമങ്ങൾ പാലിക്കുന്നതിനായി കമ്പനികൾ ചില മോഡലുകൾ നിർത്തലാക്കാനും ആലോചിക്കുന്നുണ്ട്.
നിർത്തലാക്കുമെന്ന് പ്രചരിക്കുന്ന വാഹനങ്ങൾ
ഹ്യുണ്ടായ്: i20 ഡീസൽ, വെർണ ഡീസൽ
ടാറ്റ: ആൾട്രോസ് ഡീസൽ
മഹീന്ദ്ര: മറാസോ, അൽതുറാസ് G4, KUV100
സ്കോഡ: ഒക്ടാവിയ, സൂപ്പർബ്
റെനോ : ക്വിഡ് 800
നിസ്സാൻ : കിക്ക്സ്
മാരുതി : സുസുക്കി ആൾട്ടോ 800
ടൊയോട്ട : ഇന്നോവ ക്രിസ്റ്റ പെട്രോൾ
ഹോണ്ട: സിറ്റി 4-ആം ജനറൽ, സിറ്റി 5-ആം ജനറൽ ഡീസൽ, അമേസ് ഡീസൽ