food

ഇന്ന് കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന 'സ്‌പ്രെഡ്' ആണ് പീനട്ട് ബട്ടർ. ജാം പോലുള്ള സ്‌പ്രെഡുകളുടെ ജനപ്രീതി അൽപ്പം കുറഞ്ഞതിനാൽ നട്ട്‌സ് കൊണ്ടുള്ള സ്‌പ്രെഡുകൾ കൂടുതൽ തിരഞ്ഞെടുക്കപ്പെടുകയാണ് ഇപ്പോൾ. ബ്രെഡിനൊപ്പം മാത്രമല്ല, ചപ്പാത്തി, സാൻഡ്‌വിച്ച്, ബർഗർ, ഓട്‌സ് എന്നിവയോടൊപ്പവും സ്‌പ്രെഡ് ഉപയോഗിക്കുന്നവർ ഏറെയാണ്. എന്നാൽ ഇവയെല്ലാം എത്രത്തോളം ആരോഗ്യപ്രദമാണെന്ന് എത്രപേർക്കറിയാം? ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിഞ്ഞുതന്നെ സ്‌പ്രെഡുകൾ തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാനമാണ്.

ആൽമണ്ട് (ബദാം) പീനട്ട് (കപ്പലണ്ടി), വാൾനട്ട്, കാഷ്യുനട്ട് തുടങ്ങി നിരവധി തരത്തിലെ സ്‌പ്രെഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയിൽ ആൽമണ്ട്, പീനട്ട് എന്നിവയാണ് കൂടുതൽപേർക്കും പ്രിയം. എന്നാലിവയിൽ ഏറ്റവും മികച്ചതും ആരോഗ്യപ്രദമായതും ഏതാണെന്ന് നോക്കാം.

പീനട്ട് ബട്ടറിലും ആൽമണ്ട് ബട്ടറിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും മോണോസാച്ചുറേറ്റഡ് ഫാറ്റിന്റെ മികച്ചസ്രോതസുമാണ്. മോണോസാച്ചുറേറ്റഡ് ഫാറ്റ് കോശങ്ങളുടെ വികസനത്തിനും പരിപാലത്തിനും സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും കൊറോണറി ആർട്ടറി രോഗത്തിനുള്ള റിസ്‌ക് ഒഴിവാക്കാനും സഹായിക്കുന്നു. കൂടാതെ കപ്പലണ്ടി, ബദാം പോലുള്ള നട്ട്‌സുകൾ പതിവായി കഴിക്കുന്നത് മരണ സാദ്ധ്യത കുറയ്ക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

പീനട്ട് ബട്ടർ

രണ്ട് ടേബിൾ സ്‌പൂൺ പീനട്ട് ബട്ടറിൽ 190 കലോറി, എട്ട് ഗ്രാം പ്രോട്ടീൻ, 16 ഗ്രാം ഫാറ്റ്, 3.1 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ആന്റി ഓക്‌സിഡന്റുകൾ, ബി, ഇ തുടങ്ങിയ വിറ്റാമിനുകൾ, ധാതുക്കൾ, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം, ഫോലേറ്റ് എന്നിവയുടെ കലവറ കൂടിയാണ് പീനട്ട് ബട്ടർ. ഇവയിലുള്ള പോളിസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.

ആൽമണ്ട് ബട്ടർ

രണ്ട് ടേബിൾ സ്‌പൂൺ ആൽമണ്ട് ബട്ടറിൽ 196 കലോറി, ആറ് ഗ്രാം പ്രോട്ടീൻ, 17.7 ഗ്രാം ഫാറ്റ്, 3.3 ഗ്രാം നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോളിൻ, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്.

ഏതാണ് കൂടുതൽ ആരോഗ്യപ്രദം

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പീനട്ട് ബട്ടറിനെക്കാൾ കൂടുതൽ ആരോഗ്യപ്രദം ആൽമണ്ട് ബട്ടറാണ്. ഇവയിൽ രണ്ടിലും ധാരാളം കലോറി അടങ്ങിയിട്ടുള്ളതിനാൽ അമിതമായ ഉപയോഗം ദോഷം ചെയ്യും. മാത്രമല്ല ഇവ തിരഞ്ഞെടുക്കുമ്പോൾ ഹൈഡ്രോജനേറ്റഡ് ഓയിൽ, പഞ്ചസാര എന്നിവ അടങ്ങിയിട്ടില്ലാത്തത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.