biju-karakonam

ഒരു രാജ്യത്തിന്റെ സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് മയക്കുമരുന്നുകളും മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം. ഇവ ഇന്ന് ഒരു സമൂഹത്തെ തന്നെ കാർന്നുതിന്നുന്ന ഒരു കാൻസർ ആയി വളർന്നു പന്തലിച്ചിരിക്കുന്നു. വിവിധ സൈക്കോ ആക്റ്റീവ് വസ്തുക്കളുടെ പതിവ് ഉപഭോഗം മനുഷ്യരെ ചില ലഹരികൾക്കു അടിമകളാക്കുന്നു. ഇത് വ്യക്തിയിൽ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റമോ മനോഭാവമോ ഉണ്ടാക്കുന്നു. ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും സമൂഹത്തെയും മുഴുവൻ തകർക്കുന്നു. ഒരു നാടിന്റെ വളർച്ചക്കും വികസനത്തിനും ഏറ്റവും പ്രധാനം ആരോഗ്യവാന്മാരായ ഒരു തലമുറയാണ്. ഒരു രാജ്യത്തിൻറെ സമ്പത്തായ ഒരു തലമുറ ലഹരിയുടെ ഉപയോഗത്താൽ നശിക്കുന്നത് സ്വന്തം കുടുംബത്തിനും സമൂഹത്തിനും തീരാനഷ്ടമാണ് വരുത്തിവെക്കുന്നത്. ഒരു ഒരു സമൂഹത്തെ നശിപ്പിക്കാൻ അതിലൂടെ ഒരു രാജ്യത്തെ നശിപ്പിക്കാൻ ഇന്ന് ഏറ്റവും എളുപ്പമായ മാർഗമാണ് അവിടെത്തെ യൂവജനതയെ വഴിതെറ്റിക്കുക എന്നത്. ഇവ ഉല്പാദിപ്പിക്കുന്ന പല രാജ്യങ്ങളും അവ വിവിധ മാർഗത്തിലൂടെ ഭാരതം പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നതും സാമ്പത്തിക സമ്പാദന അതിമോഹങ്ങൾക്കുമപ്പുറം വളർന്നുവരുന്ന വിദ്യാസമ്പന്നരായ യുവജനതയെ വഴിതെറ്റിച്ചു രാജ്യത്തിൻറെ അഖണ്ഡതയെയും, സാമ്പത്തിക, സാംസ്കാരിക, ബൗദ്ധിക പുരോഗതിയേയും തടയുക എന്നൊരു വലിയൊരു അജണ്ടയുടെ ഭാഗം കൂടിയാണ്.


ലഹരിവസ്തുക്കളിൽ അടങ്ങിയിരിക്കുന്ന ചില പദാർത്ഥങ്ങളോ സംയുക്തങ്ങളോ ന്യൂറോ സൈക്യാട്രിക് ഡിസോർഡേഴ്സ്, ഹൃദയ രോഗങ്ങൾ, അതുപോലെ അപകടങ്ങൾ, ആത്മഹത്യകൾ, സ്വയം ദുരുപയോഗം, ബോഡി ഷെയ്മിംഗ്, അക്രമം എന്നിവയിലേക്ക് നയിച്ചേക്കാം. അതിനാൽ, ലഹരിവസ്തുക്കളുടെ ഉപയോഗവും ആസക്തിയും ഒരു സൈക്കോ-സോഷ്യൽ-മെഡിക്കൽ പ്രശ്നമായി കാണേണ്ടതുണ്ട്. കൂടാതെ, കോവിഡ് 19 പാൻഡെമിക് മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ ആളുകളെ നിർബന്ധിതരാക്കി, അതോടൊപ്പം സോഷ്യൽ മീഡിയ മറ്റ് ആസക്തികളായ ടെലിഫോൺ, വീഡിയോ ഗെയിമുകൾ അല്ലെങ്കിൽ അശ്ലീല വിനോദങ്ങൾ എന്നിവ സമൂഹത്തിലേക്ക് കൂടുതൽ വ്യാപകമായി.


സിനിമ എന്ന മാധ്യമവും നമ്മുടെ യുവാക്കളുടെ മനസ്സിൽ ലഹരിയുടെ ആസക്തിയുടെ വിത്തുമുളപ്പിക്കാൻ ഒരുപാട് സ്വാധീനം ചെലുത്തുന്നു എന്നതും ഒരു യാഥാർഥ്യമായി അവശേഷിക്കുന്നു. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളാണ് കഥകൾക്ക് പ്രചോദനം ആകുന്നു എന്ന യാഥാർഥ്യം നിലനിൽക്കുമ്പഴും മിക്ക സിനിമകളിയേയും കഥാപാത്രങ്ങളുടെ ഹീറോയിസം ലഹരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നതും യുവാക്കളെ ഇവയുടെ ഉപയോഗത്തിന് പ്രചോദിപ്പിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം തുടങ്ങും മുന്നേയുള്ള യുള്ള ചില സ്ലൈഡുകളിലും എഴുതികാണിപ്പുകളിലും ആയി ഒതുങ്ങിപ്പോകുന്നു. പല പ്രമുഖ നടീനടന്മാരും,സാങ്കേതിക വിദഗ്ധരും, മറ്റു കലാ മേഖലയിലെ സമൂഹം ആരാധനയോടെ നോക്കിക്കാണുന്ന ചില കലാകാരന്മാരും ലഹരിയുടെ അടിമകളായി അക്കാലത്തു ജീവിതം അവസാനിപ്പിച്ച അനുഭവങ്ങൾ നമ്മുടെ മുന്നിൽ തെളിവുകളായി തന്നെയുണ്ട്.


ഒരു കാലത്ത് കറുപ്പ് കഞ്ചാവ് എന്നൊക്കെയുള്ള പേരുകൾ മാത്രമായിരുന്നു നാട്ടിൽ കേട്ടിരുന്നത് . ഇന്ന് പേരുകൾപോലും പറയാൻ പോലും അറിയാത്ത നൂറുകണക്കിന് സിന്തറ്റിക് മയക്കുമരുന്നുകൾ വിവിധ രൂപത്തിലും ഭാവത്തിലും യുവജനതയുടെ മനസ്സിലേക്കും അതിലൂടെ അവരുടെ ജീവിതത്തിലേക്കും വിഷമഴയായി പെയ്തിറങ്ങുന്നു.


പലപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെന്ന് വിശ്വസിക്കുന്നവർ ആയിരിക്കും ഇവർക്ക് ചതിക്കുഴികൾ ഒരുക്കി കാത്തിരിക്കുന്നത്. കൂട്ടുകാരോടൊത്തുള്ള ഉല്ലാസവേളകളിൽ വെമോരു കൗതുകത്തിനും നേരമ്പോക്കിനും ആയി ആരംഭിക്കുന്ന ഈ മാരക മയക്കുമരുന്നുകളുടെ ഉപയോഗം അവസാനം മയക്കുമരുന്നു മാഫിയാസംഘങ്ങളുടെ നീരാളിപിടുത്തതിൽ അകപ്പെട്ടു ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനും മറ്റു ഭീണികൾക്കും ബ്ലാക്മെയ്ലിക്കുകൾക്കും വശംവദനായി ജീവിതം അവസാനിക്കുന്നതിൽ എത്തിച്ചേരുന്നു. യുവാക്കൾക്കും കുട്ടികൾക്കും ആദ്യമൊക്കെ സൗജന്യമായി ലഭിക്കുന്ന ഈ ലഹരികൾ മിക്കതും ഉപഭോക്താക്കളെ അതിന്റെ അടിമയാക്കി കഴിഞ്ഞതിന് ശേഷം അവരെ കൊണ്ട് മറ്റുള്ളവരെ ഈ ശൃംഖലയിലേക്കു ആകർഷിക്കപ്പെടുകയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ലഹരി വസ്തുക്കളുടെ വില്പനക്കാരും ക്യാരിയർമാരുമാക്കി മാറ്റുകയും ചെയ്യുന്നു.


കൗമാരക്കാരുടെ മയക്കുമരുന്ന് ഉപയോഗത്തിനും ദുരുപയോഗത്തിനും വിവിധ ഘടകങ്ങൾ കാരണമാകാം. മദ്യം, സിഗരറ്റ് എന്നിവ പോലെ എളുപ്പത്തിൽ ലഭ്യമാകുന്ന പദാർത്ഥങ്ങൾ നമ്മുടെ സമൂഹത്തിൽ എളുപ്പം ലഭ്യമാകുന്നതും കൂട്ടുകാരോടൊത്തുള്ള കൂട്ടായ്മകളിലും, മറ്റു അവസരങ്ങളിലും ആണ് ആദ്യ തവണ ഉപയോഗിക്കുന്നത്. ഇവയുടെ തുടർച്ചയായ ഉപയോഗം കുടുംബ സാമൂഹിക ചുറ്റുപാടുകളിലുള്ള അരക്ഷിതാവസ്ഥയുടെയോ സാമൂഹിക അംഗീകാരത്തിനുള്ള ആഗ്രഹത്തിന്റെയോ ഫലമായിരിക്കാം കൗമാരപ്രായക്കാർക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള ആഗ്രഹം ഉണ്ടാക്കുന്നത്. ഒരു പരിധി കഴിയുമ്പോൾ ഇവയുടെ ലഹരി മതിയാകാതെ വരുന്നു അപ്പോഴാണ് കൂടുതൽ ലഹരിയുടെ മേഖലകളിലേക്കു അന്വേഷിച്ചു ചെല്ലുന്നതും. ഇത് മയക്കുമരുന്ന് ഉപയോഗിച്ച് നരകിച്ചു ജീവിതം അവസാനിക്കുന്ന അവസ്ഥകളിലേക്ക് അവരെ നയിക്കുന്നു.


കുടുംബങ്ങളിൽനിന്നും പലപ്പോഴും കുട്ടികൾക്ക് പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനുള്ള രക്ഷകർത്താക്കളുടെ സമ്മർദ്ദവും അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾക്കു വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്നതും കൗമാരക്കാരായ കുട്ടികളുടെ മാനസിക സമ്മർദ്ദം വർധിക്കാൻ കാരണമാകുന്നു. അങ്ങനെയുള്ളവരെ കണ്ടെത്തി ലഹരിമാഫിയയിലേക്കു കണ്ണികളാക്കാൻ ഇതിൽ അടിമപെട്ടവരെ ആണ് കൂടുതൽ ഉപയോഗിക്കുന്നത്.


ആഗോളതലത്തിൽ, മയക്കുമരുന്ന് ഉപയോഗം ഇന്ന് ഒരു പ്രധാന ആശങ്കയാണ്. ഓരോ ദിവസവും മയക്കുമരുന്ന് അമിതമായി കഴിക്കുന്ന ആളുകളുടെ എണ്ണം വര്ധിച്ചുകൊണ്ടു വരുന്നു. ലോകത്ത് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളിൽ മദ്യവും കഞ്ചാവും ഉൾപ്പെടുന്നു. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ഈ പദാർത്ഥങ്ങൾ നിയമാനുസൃതമാണെങ്കിലും, അവ ഇപ്പോഴും നിരവധി പാർശ്വഫലങ്ങളിലേക്ക് കാരണമാകുന്നു. ഉദാഹരണത്തിന്, മദ്യം അവിശ്വസനീയമാംവിധം ആസക്തിയാണ്. ആൽക്കഹോൾ വിഷബാധ കരളിനെ തകരാറിലാക്കും. അമിതമായി മദ്യം കഴിക്കുന്നവരിലും മസ്തിഷ്ക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ നിരോധിത മയക്കുമരുന്ന് ഉപയോഗിക്കുന്നത് അമേരിക്കയാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്എയിൽ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ നിരക്ക് വളരെ ഉയർന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏകദേശം ആറ് ശതമാനം ആളുകളും നിയമവിരുദ്ധ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നു. നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ നിരക്ക് അഞ്ച് ശതമാനത്തിലധികം ഉള്ള മറ്റ് ചില രാജ്യങ്ങളുണ്ട്. അവയിൽ ഗ്രീൻലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, മംഗോളിയ എന്നിവ ഉൾപ്പെടുന്നു.


കറുപ്പിന്റെ ലോകത്തെ ഒന്നാം നമ്പർ നിർമ്മാതാവായ അഫ്ഗാനിസ്ഥാൻ കറുപ്പ് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാണ്. 35 ദശലക്ഷം ജനസംഖ്യയിൽ 1 ദശലക്ഷം ആളുകൾ മയക്കുമരുന്നിന് അടിമകളാണെന്ന് ഒരു വാർത്താഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു . പതിറ്റാണ്ടുകളായി നടക്കുന്ന അക്രമങ്ങളും യുദ്ധങ്ങളും ചില ആളുകളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിച്ചേക്കാം, അതേസമയം, യുഎൻ ഡ്രഗ്സ് ആന്റ് ക്രൈം ഓഫീസിലെ ഉദ്യോഗസ്ഥർ ഈ പകർച്ചവ്യാധിക്ക് പിന്നിലെ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് വിലകുറഞ്ഞ ഹെറോയിന്റെ വൻ വർധനവാണ്. യൂറോപ്പിൽ ഉപയോഗിക്കുന്ന ഹെറോയിനിന്റെ 90 ശതമാനവും ഈ ചെറിയ പർവതപ്രദേശത്ത് നിന്നുള്ളതാണെന്ന് ലോക സർവേകൾ കാണിക്കുന്നു. മനുഷ്യക്കടത്തിന് പുറമെ മയക്കുമരുന്നിന് അടിമകളായ അവിടെത്തെ ജനതയെ മതിയായ ചികിത്സ നൽകാനുള്ള കഴിവും ആ രാജ്യത്തിനില്ല. ഇവിടെ കൊച്ചുകുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകളും ഹെറോയിനിന് അടിമകളാണ്.


മദ്യപാനം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, ആസക്തികൾ എന്നിവയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ 1985-86 മുതൽ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം മദ്യപാനം, ലഹരിവസ്തുക്കൾ (മയക്കുമരുന്ന്) ദുരുപയോഗം തടയുന്നതിനുള്ള കേന്ദ്രമേഖലാ പദ്ധതി നടപ്പാക്കുന്നു. ലഹരിവസ്തുക്കളുടെയും മദ്യപാനികളുടെയും ആസക്തിയുള്ള വ്യക്തികളുടെ മുഴുവൻ വ്യക്തി വീണ്ടെടുക്കലിനും (WPR) പരിപാലനത്തിനും പുനരധിവാസത്തിനും ശേഷം, തിരിച്ചറിയൽ, പ്രചോദനം, കൗൺസിലിംഗ്, അഡിക്ഷൻ, പ്രോ-ആക്ടീവ് ഇന്റർവെൻഷൻ വിദ്യാഭ്യാസം എന്നിവയ്ക്കായി കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ മുഴുവൻ ശ്രേണിയും നൽകുന്നതിന്.


ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) നാഷണൽ ഡ്രഗ് ഡിപെൻഡൻസ് ട്രീറ്റ്മെന്റ് സെന്റർ (എൻഡിഡിടിസി) മുഖേന 2018-ൽ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം, ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ വ്യാപ്തിയും പാറ്റേണും സംബന്ധിച്ച ഇന്ത്യയിലെ ആദ്യത്തെ ദേശീയ സർവേ നടത്തി. 2019 ഫെബ്രുവരിയിലാണ് സർവേ പുറത്തുവിട്ടത്. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കാർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ സൈക്കോ ആക്റ്റീവ് പദാർത്ഥമാണ് മദ്യം, തുടർന്ന് കഞ്ചാവും ഒപിയോയിഡുകളും. രാജ്യത്ത് ഏകദേശം 16 കോടി ആളുകൾ മദ്യം ഉപയോഗിക്കുന്നു, 3.1 കോടി വ്യക്തികൾ കഞ്ചാവ് ഉൽപ്പന്നങ്ങളും 2.26 കോടി ഉപയോഗവും ഉപയോഗിക്കുന്നു. opioids. 5.7 കോടിയിലധികം വ്യക്തികൾ ഹാനികരമോ ആശ്രിതമോ ആയ ആൽക്കഹോൾ ഉപയോഗത്താൽ ബാധിക്കപ്പെട്ടിട്ടുണ്ട്, അവരുടെ മദ്യ ഉപയോഗ പ്രശ്നങ്ങൾക്ക് സഹായം ആവശ്യമാണ്, ഏകദേശം 25 ലക്ഷം കഞ്ചാവ് ആശ്രിതത്വം അനുഭവിക്കുന്നു, ഏകദേശം 77 ലക്ഷം വ്യക്തികൾക്ക് അവരുടെ ഒപിയോയിഡ് ഉപയോഗ പ്രശ്നങ്ങൾക്ക് സഹായം ആവശ്യമാണെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും ആശ്രിതത്വവും തടയുന്നതിനായി, മരുന്ന് ഡിമാൻഡ് കുറയ്ക്കുന്നതിനുള്ള ദേശീയ കർമ്മ പദ്ധതി (NAPDDR) (2018-2025) മന്ത്രാലയം രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു.

ഈ അവസരത്തിലാണ് ലഹരിമുക്ത നവകേരളം സാക്ഷാത്കരിക്കാൻ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളുമായി വിമുക്തിമിഷൻ പദ്ധതിയുമായി കേരളസർക്കാരിന്റെ എക്സൈസ് വകുപ്പ് ശക്തമായി രംഗത്ത് വന്നത്. കേരളീയ സമൂഹത്തിൽ, ലഹരിവസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ച് സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുളള ലഹരി വസ്തുക്കളുടെ ഉപഭോഗം ഇല്ലാതാക്കുന്നതിനും ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമാണ് 2016 ഒക്ടോബർ മാസത്തിൽ “കേരളസംസ്ഥാനലഹരിവർജ്ജനമിഷൻ -വിമുക്തി”-ക്ക് സർക്കാർ രൂപം നൽകിയത്.


സംസ്ഥാനത്ത് എക്സൈസ് വകുപ്പു രഹസ്യാന്വേഷണ വിഭാഗം ശക്തിപ്പെടുത്തിയും, പ്രത്യേക സ്വാഡുകൾ രൂപീകരിച്ചും വലിയതോതിൽ നടക്കുന്ന മയക്കുമരുന്ന് കടത്ത് കണ്ടത്തെി കേസ്സെടുത്തും ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പൊതുജനങ്ങൾക്ക് ഏതു സമയവും മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ സംബന്ധിച്ച പരാതികൾ രഹസ്യമായി എക്സൈസ് കമ്മീഷണറെ അറിയിക്കുന്നതിനായി 9447178000, 9061178000 എന്നീ മൊബൈൽ നമ്പരുകൾ എക്സൈസ് കമ്മീഷണറേറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിവരം നൽകുന്നവരെ കുറിച്ചുളള വിവരങ്ങൾ വളരെ രഹസ്യമായി സൂക്ഷിക്കുന്നു. ഇത്തരം രഹസ്യ വിവരങ്ങളിലൂടെ വലിയ രീതിയിലുളള മയക്ക് മരകുന്നു കേസ്സുകൾ കണ്ടെടുക്കുന്നതിന് സാധിച്ചിട്ടുണ്ട്.


മദ്യം, മയക്കുമരുന്ന്, പുകയിലഉൽപ്പന്നങ്ങൾ എന്നിവയുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിന് ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ നടത്തുന്നതോടൊപ്പം വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം തീർക്കുന്നതിന് വിവിധ തരത്തിലുളള ബോധവൽക്കരണ പ്രവർത്തനങ്ങളും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ഇതര സർക്കാർ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനമൊട്ടാകെ വലിയ രീതിയിലുളള പ്രവർത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇതിൽ കുടുംബശ്രീ, സ്കൂൾ/കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകൾ, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയിലൂടെയുളള പ്രവർത്തനങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.


കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക പദ്ധതികൾ വിമുക്തിമിഷൻ നടപ്പിലാക്കുന്നത്. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ശരിയായ അറിവ് പകർന്ന് നൽകുന്നതിനും, ലഹരിയിൽ നിന്നും സ്വയം സംരക്ഷണം തീർക്കുന്ന ഒരു അവസ്ഥ കുട്ടികളിലും യുവാക്കളിലും വളർത്തിയെടുക്കുന്നതിനുമാണ് വിമുക്തിപ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിലെ ലഹരി ഉപയോഗം ഗൗരവമായി കണ്ട് ലഹരി ഉപയോഗത്തിനെതിരെ സാമൂഹിക കൂട്ടായ്മ വളർത്തിയെടുക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് വിമുക്തിമിഷൻ നടത്തി വരുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ, പി.റ്റി.എ., സ്കൂൾ ഡെവലപ്പ്മെന്റ് കമ്മറ്റി എന്നിവയുടെ സഹകരണത്തോടെ എക്സൈസ് ഉദ്യോഗസ്ഥർ നേരിട്ടും മറ്റ്സന്നദ്ധപ്രവർത്തകരുടെസേവനം പ്രയോജനപ്പെടുത്തിയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.


സ്കൂൾ/കോളേജ് തലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് 6287 സ്കൂൾസ്കൂൾ ക്ലബ്ബുകളും, 899 കോളേജ് ക്ലബ്ബുകളും രൂപീകരിച്ചിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബ്ബുകളുമായി സഹകരിച്ച് ഓൺലൈൻ മുഖേനയും നേരിട്ടും ബോധവൽക്കകരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു. അതോടൊപ്പം ലഹരിക്കെതിരെ ചിന്തിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിനും വിദ്യാർത്ഥികളിലെ കലാ-കായിക വാസനകൾ വളർത്തുന്നതിനുമായി വിവിധ മത്സരങ്ങളും നടത്തുന്നു.


പെൺകുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും, പെട്ടെന്നുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും സ്വയം പ്രതിരോധം തീർക്കുന്നതിനായി സംസ്ഥാനത്തെ 138 റെയ്ഞ്ചുകളിലായി 138 സ്കൂളുകൾ തിരഞ്ഞെടുത്ത് പെൺകുട്ടികൾക്കായുളള സ്വയരക്ഷാ പരിശീലന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു.


ജില്ലകളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചും അല്ലാതെയും കൗൺസെലിങ്ങ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് സൈക്കോളജി, സോഷ്യോളജി യോഗ്യതയുളള എക്സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് മുഖേന പരിശീലനം നൽകിയിട്ടുളളതാണ്. ഈ ഉദ്യോഗസ്ഥരുടെ സേവനം വിനിയോഗിച്ച് വിദ്യാർത്ഥികൾക്കും മറ്റ് പൊതുജനങ്ങൾക്കും പ്രാഥമിക കൗൺസെലിംഗ് നൽകുകയും വിദ്ധ കൗൺസെലിംഗ് ആവശ്യമുളളവർക്ക് അതിനുളള സൗകര്യങ്ങൾ വിമുക്തി സെന്ററുകളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു.


വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിനും സ്കൂൾവിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ വിദ്യാർത്ഥികളെലഹരി ഉപയോഗിക്കുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നതിനും സ്കൂളുകളിൽ "ഉണർവ്വ്"എന്നപേരിൽ ഒരുപദ്ധതി നടപ്പിലാക്കി വരികയാണ്. പഠനം കഴിഞ്ഞുളള സമയത്ത് വിദ്യാർത്ഥികളുടെ ശ്രദ്ധ മറ്റ് പ്രചോദനങ്ങളിലേക്ക് പോകാതെ കായികപരമായും കലാപരമായും ഉളള അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനാണ് ഈ പദ്ധതിയിലൂടെലക്ഷ്യമിടുന്നത്. "ഉണർവ്വ്" പദ്ധതിയിൽ കായിക പരിശീലനത്തിനായി മികച്ചരീതിയിലുളള അടിസ്ഥാനസൗകര്യങ്ങളും, സ്പോർട്സ് ഉപകരണങ്ങളും മറ്റ് അനുബന്ധപരിശീലനസൗകര്യങ്ങളുംഏർപ്പെടുത്തുന്നു. കൂടാതെ എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ക്ലബ്ബുകളിൽ കായിക ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകുന്നതിനുളള നടപടികളും സ്വീകരിച്ച് വരികയാണ്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 ലഹരിവിരുദ്ധ ക്ലബ്ബുകൾ കേന്ദ്രീകരിച്ച് നെറ്റ് ബോൾ, വോളീ ബോൾ, ഹാൻഡ് ബോൾ, ഖോഖോ തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ ടീമുകൾ രൂപീകരിച്ച് പരിശീലനം നൽകുന്നതിനുളള നപടികൾ സ്വീകരിച്ച് വരികയാണ്.


കോളേജ് തലത്തിൽ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗ സാധ്യതകൾ ഇല്ലാതാക്കുന്നതിന് കോളേജ് ക്യാമ്പസ്സുകളിൽ പ്രിൻസിപ്പലിന്റെ / വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ‘നേർക്കൂട്ടം’ എന്ന പേരിൽ ഒരു കമ്മിറ്റിക്കും, കോളേജ് ഹോസ്റ്റലുകളിൽ ‘ശ്രദ്ധ’ എന്ന പേരിൽ ഒരു കമ്മിറ്റിക്കും രൂപംനൽകിയിട്ടുളളതാണ്. അധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളും, തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളും, എക്സൈസ് ഉദ്യോഗസ്ഥരും ഈ കമ്മിറ്റികളിൽ അംഗങ്ങൾ ആണ്. ശ്രദ്ധ, നേർക്കൂട്ടംകമ്മിറ്റികൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ലഹരി ഉപയോഗം സംശയിക്കുന്ന വിദ്യാർത്ഥികൾക്ക് വിമുക്തിമിഷൻ സെന്റുകളിൽ ആവശ്യമായ കൗൺസെലിംഗ് / ചികിത്സ നൽകുന്നു.


യുവജനങ്ങളെ ലഹരി ഉപയോഗത്തിൽനിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ “ലഹരിക്കെതിരെ കായികലഹരി” എന്ന മുദ്രാവാക്യത്തോടെ കബഡി, വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ വിവിധ കായികമത്സരങ്ങൾ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ചുവരുന്നു. അതോടൊപ്പം കുടുംബശ്രീ, സന്നദ്ധ-യുവജന സംഘടനകൾ, ട്രേഡ് യൂണിയനുകൾ എന്നിവ മുഖാന്തിരവും ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് വൈവിദ്ധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ച് വരുന്നത്.


ലഹരിക്കെതിരെയുളള പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിലും, വാർഡ് തലത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിമുക്തികമ്മിറ്റികൾ രൂപീകരിച്ചിട്ടുളളതാണ്. വ്യാജമദ്യം, മയ്കകുമരുന്ന്, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ ഇല്ലായ്മ ചെയ്യുന്നതിന് എക്സൈസ് വകുപ്പിനെ സഹായിക്കുന്ന തോടൊപ്പം ഈ വിമുക്തി കമ്മിറ്റികൾ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കൗൺസെലിംഗ് / ചികിത്സ നൽകുന്നതിനുളള നടപടികളും സ്വീകരിച്ച് വരുന്നു.


ആദിവാസി–തീരദേശ മേഖലകളിൽ ലഹരിവർജ്ജനപ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു. ആദിവാസി–തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, കായികപരിശീലനം, ലൈബ്രറി സൗകര്യം, പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ കണ്ടെത്തി തിരികെ വിദ്യാലയങ്ങളിൽഎത്തിക്കുക തുടങ്ങിയപദ്ധതികളാണ് പ്രധാനമായും നടപ്പിലാക്കിവരുന്നത്. ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന കരിയർ ഗൈഡൻസ്ക്ലാസ്സുകളിൽ പങ്കെടുത്ത യുവാക്കൾ സർക്കാർജോലിഉൾപ്പടെ വിവിധ ജോലികൾ കരസ്ഥമാക്കുകയും വിവിധ മത്സര പരീക്ഷകളിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.


ലഹരിക്കെതിരെ സമൂഹത്തിലെ വിവിധതലങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ ലഹരിക്ക് അടിമപ്പെട്ടവർക്ക് ആവശ്യമായ ലഹരിമോചന ചികിത്സന ൽകി അവരെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെയെത്തിക്കുന്നതിനുംപ്രാധാന്യംനൽകുന്നു. ഈ ലക്ഷ്യത്തോടെ വിമുക്തിമിഷൻ ആരോഗ്യവകുപ്പുമായി സഹകരിച്ചുകൊണ്ട് പതിനാല് ജില്ലകളിലും സർക്കാർ ജില്ലാ/ താലൂക്കാശുപത്രികളോടനുബന്ധിച്ച് 14 വിമുക്തി ഡീ-അഡിക്ഷൻസെന്ററുകൾ ആരംഭിച്ചിട്ടുളളതാണ്. വിമുക്തി ഡീ-അഡിക്ഷൻ സെന്ററുകൾ മുഖേന 82626 പേർക്ക് ഒപിയിലും 7025 പേർക്ക് ഐപിയിലും ചികിത്സ നൽകി.


തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മേഖലാ ഡി-അഡിക്ഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട്, എറണാകുളം ജില്ലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള മേഖലാ ഡി-അഡിക്ഷൻ സെന്റർ ആരംഭിക്കുന്നതിനുളള നടപടികൾ സ്വീകരിച്ച് വരികയാണ്.


തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ 3 മേഖലാവിമുക്തികൗൺസിലിംഗ് സെന്ററുകൾപ്രവർത്തിക്കുന്നു. ഈ മേഖലാകൗൺസിലിംഗ് സെന്ററുകൾവഴിനേരിട്ടും ടെലഫോൺ മുഖാന്തിരവും സൗജന്യകൗൺസിലിംഗ് ലഭ്യമാണ്. ടെലഫോൺ മുഖാന്തിരം സൗജന്യകൗൺസിലിംഗ് നൽകുന്നതിനായി 14405 എന്ന നടോൾഫ്രീ നമ്പരും ഏർപ്പെടുത്തിയിട്ടുണ്ട്. മേഖലാ കൗൺസിലിംഗ് സെന്ററുകൾ മുഖേന 12770 പേർക്ക് കൗൺസിലിംഗ് നൽകിയിട്ടുണ്ട്.


എൻ.ഡി.പി.എസ് കേസ്സുകളിൽ ഉൾപ്പെട്ട 25 വയസ്സിൽ താഴെ പ്രായമുളളവർ വീണ്ടും ലഹരി ഉപയോഗ സാധ്യതയിലേക്ക് പോകാതിരിക്കുവാൻ അവർക്ക് കൗൺസെലിംഗ്/ ചികിത്സ നൽകി വരുന്നു. ലഹരിയുടെ ഉപയോഗം മൂലം വിദ്യാർത്ഥികളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും, പെരുമാറ്റ വൈകല്യങ്ങളും ആദ്യം ശ്രദ്ധയിൽപ്പെടുന്നത് അധ്യാപകർക്കാണ്. അത്തരം കുട്ടികളെ തിൻമകളിൽ നിന്നും വിടുതൽ ചെയ്ത് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് ‘നേർവഴി’ എന്ന പേരിൽ ഒരു പദ്ധതി എക്സൈസ് വകുപ്പ് വിഭാവനം ചെയ്തിട്ടുളളതാണ്. ലഹരിഉപയോഗം സംശയിക്കുന്ന കുട്ടികളുടെ വിവരം അധ്യാപകർ നേരിട്ട് എക്സൈസ് വകുപ്പിന് നൽകി വകുപ്പിന്റെ ക്രിയാത്മകമായ ഇടപെടൽ സാധ്യമാക്കുന്നതാണ് ഈ പദ്ധതിയുടെ പ്രവർത്തന രീതി. ഇതിനായി എക്സൈസ് കമ്മീഷണറേറ്റിൽ ഒരു പ്രത്യേക നമ്പർ (9656178000) തയ്യാറാക്കിയിട്ടുളളതാണ്. വിവരങ്ങൾ നൽകുന്ന അധ്യാപകരുടെ പേരും മറ്റു വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിക്കും. തികച്ചും സ്വകാര്യമായ ഇടപെടലുകളിലൂടെ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനാണ് ‘നേർവഴി’ ലക്ഷ്യമിടുന്നത്.


ലഹരിയുടെ ദൂഷ്യവശങ്ങൾ സംബന്ധിച്ച പോസ്റ്ററുകളും, വീഡിയോകളും തയ്യാറാക്കി, നവമാധ്യമങ്ങളായഫെയ്സ്ബുക്ക് (Vimukthikerala), വാട്സ്ആപ്പ്, യൂടൂബ്, ട്വിറ്റർ, ഇൻസ്റ്റഗ്രാംഎന്നിവയിലൂടെയുംപ്രചരിപ്പിക്കുന്നുണ്ട്.


ലഹരിക്കെതിരെഓൺലൈൻ ഉൾപ്പെടുളള വിവിധ മാധ്യമങ്ങളിലൂടെവിവിധപരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. കാലികപ്രസക്തിയുളള വിവിധ വിഷയങ്ങളിൽ രക്ഷകർത്താക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ, വിഷയ വിദഗ്ധർ, കലാ സാഹിത്യ രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി എല്ലാമാസവും വെബിനാറുകളും, ലഹരിക്കെതിരെ ചിന്തിക്കുവാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നതിന് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചുവരുന്നു.


മയക്കുമരുന്ന് വ്യാപനത്തിനെതിരെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് സാമൂഹിക പ്രതിരോധം തീർക്കുന്നതിനും നിയമ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനും ബഹു.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക യോഗം വിളിച്ച് ചേർക്കുകയും, പ്രസ്തുത യോഗത്തിലെ നിർദ്ദേശ പ്രകാരം മയക്കുമരുന്ന് കുറ്റകൃത്യത്തിനെതിരെ നിയമനടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടു . മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കി അവരെ പ്രത്യേകം നിരീക്ഷിച്ചുവരുന്നു . എല്ലാ എക്സൈസ് റെഞ്ച് ഓഫീസുകളിലും പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മയക്കുമരുന്ന് കേസ്സുകളിലെ പ്രതികൾക്ക് ഉയർന്ന ശിക്ഷലഭിക്കുന്നതിനുളള നടപടികൾ സ്വീകരിച്ചു. മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുളള നടപടി ആരംഭിച്ചു.


അതോടൊപ്പം 2022 ഒക്ടോബർ 2 മുതൽ സംസ്ഥാനത്ത് ലഹരിക്കെതിരെ പ്രചരണ ക്യാമ്പയിൻ നടത്തിവരുന്നു. ഇതിൽ പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, എക്സൈസ്, പോലീസ്, ഐ&പി.ആർ.ഡി തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളെയും, എല്ലാ രാഷ്ട്രീയ പാർട്ടികളെയും, ജാതി-മത-സാമൂഹിക-സാംസ്കാരിക സംഘടനകളെയും കുടുംബശ്രീ, എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി, സ്കൗട്ട്സ് & ഗൈഡ്സ് എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായാണ് സംഘടിപ്പിപിച്ചുവരുന്നത്.


ലഹരിമുകത പ്രചരണ പരിപാടിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, അവയുടെ വാർഡ് തലങ്ങളിലും ജനജാഗ്രതാസമിതികൾ രൂപീകരിച്ചു പ്രവർത്തിക്കുകയും. എല്ലാ വിദ്യാലങ്ങളിലും പി.റ്റി.എ യോഗങ്ങളും വിദ്യാർത്ഥികളുടെ യോഗങ്ങളും സംഘടിപ്പിച്ച് ലഹരിക്കെതിരെയുളള അവബോധം നൽകുകയും , വിക്ടേഴ്സ് ചാനൽ വഴി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും . പൊതുസ്ഥലങ്ങളിൽ ജനജാഗ്രതാ സദസ്സുകളും, ഹ്രസ്വചിത്ര പ്രദർശനങ്ങളും സംഘടിപ്പികയും, ലൈബ്രറി കൗൺസിൽ മുഖേന സംസ്ഥാനത്തെ ലൈബ്രറികളിൽ ലഹരിക്കെതിരെയുളള പ്രചരണത്തിനായി യോഗങ്ങൾ സംഘടിപ്പിക്കുകയും, റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.


" ആധുനികയുഗത്തിന്റെ തിരക്കേറിയ ജീവിതരീതികൾ ഇന്ന് നമ്മുടെ സമൂഹത്തേയും മാറ്റത്തിന്റെ പാതയിലേയ്ക്ക് നയിച്ചിരിക്കുകയാണ്. തിരക്കേറുന്ന ജീവിത സാഹചര്യങ്ങൾ ഭാഗികമായ അഭിവൃദ്ധിയ്ക്കൊപ്പം സാമൂഹികവും, വ്യക്തിപരവുമായ ചില കടുത്ത വെല്ലു വിളികൾ ഉയർത്തുന്നുണ്ട്. സന്തോഷത്തിനും ആത്മസാക്ഷാത്ക്കാരത്തിനും വേണ്ടിയുള്ള പരക്കംപാച്ചിലും, ജീവിതമുയർത്തുന്ന പുതിയ പുതിയ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാനുള്ള പരിശ്രമങ്ങളും, ഇത്തരം ചില അപകടങ്ങൾക്ക്, പലപ്പോഴും കാരണമാകുന്നുണ്ട്. തിരക്കുപിടിച്ച ജീവിതം കുടുംബബന്ധങ്ങളേയും, വ്യക്തിബന്ധങ്ങളേയും സാമൂ ഹികമായ കെട്ടുറപ്പിനേയും പലപ്പോഴും ദോഷകരമായ രീതിയിൽ ബാധിക്കുന്നതായി കാണാം. അതിനോടൊപ്പം തന്നെ നഗരവൽക്കരണവും, വ്യവസായവൽക്കരണവും ലാഭ മുണ്ടാക്കാനുള്ള നിയമപരമല്ലാത്ത പ്രവർത്തനങ്ങളിലേക്കും പലരേയും നയിക്കുന്നുണ്ട്. വ്യക്തിപരമായ ആകുലതകൾ പലതരത്തിലുമുള്ള രക്ഷാമാർഗ്ഗങ്ങൾ തേടാൻ ആളുകളെ പ്രേരിപ്പിക്കുന്നു. ലഹരി, ഈ അവസരങ്ങളിൽ ഒരു ആകർഷണമാവുന്നു. ഇത് ഇന്ന് നമ്മുടെ സമൂഹത്തിനുയർത്തുന്ന ഭീഷണി വളരെ വലുതാണ്. കൗമാരപ്രായത്തിൽ തന്നെ ഇത്തരം ശീലങ്ങൾ തുടങ്ങുന്നുവെന്നതും അവരെ ലക്ഷ്യമാക്കി കച്ചവട മനഃസ്ഥിതി യോടെ പലരും മയക്കുമരുന്ന് വ്യാപാരം നടത്തുന്നുണ്ടെന്നതും വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. " വിമുക്തിയുടെ ഉദ്ദേശലഷ്യങ്ങളെ കുറിച്ചുള്ള കേരളത്തിന്റെ എക്സൈസ് കമ്മീഷണർ ആനന്തകൃഷ്ണൻ, ഐ പി എസ്സിന്റെ കാഴ്ചപാടുകളാണിത്.


കുട്ടികളും യുവാക്കളുമാണ് ലഹരി ദുരുപയോഗത്തിൽ എളുപ്പത്തിൽ വഴുതി വീഴാൻ സാധ്യതയുള്ളത്. കൗമാരക്കാർ ലഹരിയുടെ ചതിക്കുഴികളിൽ അകപ്പെട്ട് അധാർമികചിന്തകളിലും പ്രവൃത്തികളിലും ഏർപ്പെടുന്നു. വിഷാദം, മാനസ്സികസമ്മർദ്ദങ്ങൾ, ദുഖം, ആകാംക്ഷ, നൈരാശ്യം, കുടുംബപ്രശ്നങ്ങൾ എന്നിങ്ങനെഒട്ടനവധികാരണങ്ങൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർപറയുമെങ്കിലും അതിനൊന്നും ലഹരിഉപയോഗം ഒരുപരിഹാരമല്ലായെന്നും കൂടുതൽ നാശത്തിലേക്കാണ് തങ്ങൾ പോകുന്നതെന്നും ഉളളതിരിച്ചറിവ് കിട്ടുമ്പോഴേക്കും ഇവരിൽ ഭൂരിഭാഗവും ലഹരിക്ക്അടിമകളായിതീരുന്നു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കണമെങ്കിൽ ശക്തമായ നിയമങ്ങൾ മാത്രം പോര അത് താഴെത്തട്ടിൽ നിന്നുതന്നെ പ്രാവർത്തികമാക്കാൻ എല്ലാ സംവിധാനങ്ങളും തയാറാകണം. പ്രധാനമായും പോലീസ്, എക്സൈസ് എന്നീ സേനകളുടെ പ്രവർത്തനങ്ങളിൽ അനാവശ്യമായ ബാഹ്യ ശക്തികളുടെ സ്വാധീനമോ സമ്മർദമോ ഉണ്ടാകില്ല എന്ന് നിയമപരമായും രാഷ്ട്രീയപരമായും ഉറപ്പാക്കണം. ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നവരെ എതിർക്കുവാനും, അവരെ ഒറ്റപ്പെടുത്തി നിയമത്തിനു മുന്നിൽ എത്തിക്കുവാനും രാഷ്ട്രീയ യുവജനന പ്രസ്ഥാനങ്ങൾക്ക് നട്ടെല്ലുണ്ടാകണം, ഏതെങ്കിലും രാഷ്ട്രീയ, സാമുദായിക, കലാ മേഖലയിൽ പെട്ടവർ ഇതിന്റെ കണ്ണികളായി പിടിക്കപ്പെട്ടാൽ അവർക്കുവേണ്ടി ന്യായീകരാണവുമായി ഇറങ്ങാതെ അവർക്കുവേണ്ടി സോഷ്യൽ മീഡിയകളിൽ കടിപിടി കൂടാതെ അവരെ ശക്തമായി എതിർക്കാൻ കഴിവുള്ള നട്ടെല്ലുള്ള ഒരു തലമുറ ഉണ്ടായാൽ മാത്രമേ ഈ പ്രവർത്തനങ്ങൾക്കെല്ലാം അർഥം ഉണ്ടാകുകയുള്ളൂ.


ലഹരി ഉപയോഗവും ആസക്തിയും ഒരു രോഗമാണെന്ന തിരിച്ചറിവ് ആദ്യം ഉണ്ടാകണം. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപെടുത്തുകയല്ല വേണ്ടത് അവരെ അതിൽനിന്നും തിരികെ ജീവിതത്തിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അതിനോടൊപ്പം ഈ സാമ്പത്തിക അത്യാർത്തി മൂത്തു ഈ വിഷം വിറ്റു ഈ സമൂഹത്തെ നശിപ്പിക്കാൻ നടക്കുന്നവരെ ശക്തമായി നേരിടാനുള്ള ഇച്ഛാശക്തി നമ്മുടെ ഭരണകൂടങ്ങൾ പ്രകടിപ്പിക്കണം. ലഹരി വസ്തുക്കൾ ഉപയോഗിക്കാത്ത നല്ലൊരു തലമുറയെ വാർത്തെടുക്കുവാൻ നടത്തുന്ന ഈ പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. പ്രത്യേകിച്ചും വിദ്യാർത്ഥികളുടെയും യുവാക്കളുയെയും ആത്മാർത്ഥമായ സഹകരണം ലഹരിക്കെതിരെയുളള പ്രവർത്തനങ്ങളിൽ അത്യന്താപേക്ഷിതമാണ്. നല്ലൊരു നാളെയ്ക്കായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊണ്ടു നമുക്ക് ഒരുമിക്കാം.. ലഹരിമുക്ത കേരളത്തിനായി ….