cured-oil-

യുക്രെയിനിൽ റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള സംഭവ വികാസങ്ങളിൽ നേട്ടം കൊയ്ത രാജ്യമാണ് ഇന്ത്യ. ഒരേ സമയം പാശ്ചാത്യ രാജ്യങ്ങളുമായും, റഷ്യയുമായും അടുപ്പം നിലനിർത്തുന്ന ഇന്ത്യയ്ക്ക് അമേരിക്കൻ ഉപരോധവും, ഭീഷണിയും വകവയ്ക്കാതെ റഷ്യൻ എണ്ണ നിർബാധം രാജ്യത്തേക്ക് ഒഴുക്കാനായി. ഉപരോധത്തിലും വിപണി പിടിക്കുക എന്ന ഉദ്ദേശത്തോടെ വൻ വിലക്കിഴിവിലാണ് ഇന്ത്യയ്ക്ക് റഷ്യ എണ്ണ നൽകുന്നത്. യുക്രെയിൻ യുദ്ധം ആരംഭിച്ച ശേഷം മിക്ക മാസങ്ങളിലും ഇന്ത്യയുടെ എണ്ണ ഇറക്കുമതി പട്ടിക പരിശോധിച്ചാൽ റഷ്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ ഈ എണ്ണ ഇറക്കുമതി ചെയ്യുക മാത്രമല്ല ശുദ്ധീകരിച്ച് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തും രാജ്യം നേട്ടം കൊയ്യുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.

പാശ്ചാത്യ ശക്തികളുടെ റഷ്യൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം വന്നതിന് ശേഷം ഇന്ത്യയുടെ എണ്ണ കയറ്റുമതിയിൽ 70% വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ നല്ലൊരു പങ്കും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് എന്നതാണ് കൗതുകകരം. റഷ്യൻ എണ്ണ നേരിട്ട് വാങ്ങാത്ത രാജ്യങ്ങൾ പോലും അത് ഇന്ത്യയിലൂടെ വളഞ്ഞ വഴിയിൽ വാങ്ങേണ്ടി വരുന്നു. യൂറോപ്യൻ രാജ്യമായ നെതർലാൻഡ്സ് ഇപ്പോൾ ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ്. 2021 ഏപ്രിലിനും ഒക്‌ടോബറിനും ഇടയിൽ ഇന്ത്യയുടെ 20ാമത്തെ വലിയ കയറ്റുമതി കേന്ദ്രമായിരുന്ന ബ്രസീൽ ഇപ്പോൾ എട്ടാം സ്ഥാനത്താണുള്ളത്. അമേരിക്കയും ഇന്ത്യയുടെ മികച്ച വിപണിയാണ്.


അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദ്ദത്തെ അതിജീവിച്ചാണ് ഇന്ത്യ ഈ നേട്ടമെല്ലാം സ്വന്തമാക്കിയത്. പ്രതിസന്ധിയിൽ തങ്ങൾക്കൊപ്പം നിന്ന ഇന്ത്യയ്ക്ക് മികച്ച സഹകരണമാണ് റഷ്യ ഉറപ്പാക്കുന്നത്. എണ്ണക്കച്ചവടം തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിനായി വലിയ ശേഷിയുള്ള കപ്പലുകൾ പാട്ടത്തിനെടുക്കുന്നതിനും നിർമ്മിക്കുന്നതിനും ഇന്ത്യയെ സഹായിക്കുമെന്ന് റഷ്യ അറിയിച്ചിരുന്നു.