
കഴിഞ്ഞ ദിവസം നടന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ 2022 ഫെെനൽ മത്സരത്തിന്റെ വിജയിയെ കളി തുടങ്ങുന്നതിന് മുന്നേ ഗോൾ നില ഉൾപ്പെടെ പ്രവചിച്ചു കൊണ്ട് മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട് ചരിത്രം ആവർത്തിക്കുന്നു. ഇത്തവണ ഇന്റലെർക്സ് പോഡ്കാസ്റ്റ് എന്ന യൂ ട്യൂബ് ചാനലിലൂടെ ലൈവ് ആയി ആണ് കാണികൾക്ക് മുന്നിൽ പ്രവചനം നടത്തിയത്. ഇതിനോടകം ഒരു ലക്ഷത്തോളം പേർ വീഡിയോ കണ്ടു കഴിഞ്ഞു. കിക്കോഫിന് മുമ്പ് ആരംഭിച്ച ലൈവ് സ്ട്രീമിംഗിൽ പ്രവചനം അടങ്ങിയ സുതാര്യമായ കണ്ടെയിനർ കാണികൾക്കുമുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് പ്രോഗ്രാം ആരംഭിച്ചത്.
ഫൈനലിൽ ആദ്യ ഗോൾ നേടുന്ന രാജ്യം ഏതായിരിക്കുമെന്നും മെന്റലിസ്റ്റ് ലൈവിനിടയിൽ കൃത്യമായി പ്രവചിക്കുന്നു.
പിന്നീട് കളി കഴിഞ്ഞ ശേഷം, പോഡ്കാസ്റ്റ് ഹോസ്റ്റ് ചെയ്യുന്ന കാർത്തിക് സൂര്യ, അഖിൽ ദാസ്, ശ്രീകാന്ത്, വിനു എന്നിവർ ചേർന്ന് കണ്ടെയിനർ തുറന്ന് പ്രവചനമടങ്ങിയ പേപ്പർ തുറന്ന് പരിശോധിക്കുകയായിരുന്നു. മത്സരത്തിന്റെ ഇടവേളയിൽ അവതാരകർ സ്വന്തമായി തീരുമാനിച്ച 6 അക്കനമ്പർ കണ്ടെയിനറിനകത്ത് തുടക്കം മുതൽ ഉള്ള കറൻസി നോട്ടിന്റെ സീരിയർ നമ്പർ ആയി വന്നതും അദ്‌ഭുതമുണ്ടാക്കി.
പിന്നീട്, ഫുട്ബോൾ പ്രവചനം തുറന്നപ്പോൾ പെനാൽറ്റിയിലെ ഗോളുകൾ അടക്കം അർജന്റീന 7 ഗോളുകളും ഫ്രാൻസ് 5 ഗോളുകളും സ്കോർ ചെയ്യുമെന്ന പ്രവചനം വായിച്ച് , കാണികൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. അത്യന്തം ഉദ്ദ്യേഗജനകമായ ഫൈനലിൽ കളി പെനാൽറ്റി ഷൂട്ട് വരെ നീണ്ടുപോയിട്ടും, കൃത്യമായ പ്രവചനം നടത്തിയത് കാണികളെ ഒന്നടങ്കം അദ്ഭുതപ്പെടുത്തി.
ഇത്തരം പ്രവചനങ്ങൾക്കു പിന്നിൽ അമാനുഷികശക്തികളോ മറ്റ് അതീന്ദ്രിയ സിദ്ധികളോ ഇല്ലെന്നും, തികച്ചും ശാസ്ത്രീയമായി , മെന്റലിസം എന്ന കലയുടെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തുക മാത്രമാണ് താൻ ചെയ്തതെന്നും, പ്രീത്ത് കൂട്ടിച്ചേർത്തു. മന:ശക്തിയുമായി ബന്ധപ്പെട്ട് നടക്കുന്ന കപട അവകാശ വാദങ്ങളെ തിരിച്ചറിയുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കുകയും, യാതൊരു അദ്‌ഭുത സിദ്ധികളും ഇല്ലാതെ തന്നെ, മെന്റലിസം എന്ന കലയെ ഉപയോഗിച്ചു കൊണ്ടു മാത്രം ഇത്തരം പ്രവചനങ്ങൾ സാധ്യമാണെന്ന് തെളിയിക്കുകയും മാത്രമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മെന്റലിസ്റ്റ് പ്രീത്ത് അഴീക്കോട് അറിയിച്ചു.
2014 ൽ ആറ് പ്രധാന ദിനപത്രങ്ങളുടെ തലക്കെട്ടുകൾ മുൻകൂട്ടി പ്രവചിച്ചു കൊണ്ടും, 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ റിസൾട്ട് മുൻകൂട്ടി പറഞ്ഞു കൊണ്ടും പ്രീത്ത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കൂടാതെ, 2020ലെ കറാച്ചി വിമാന അപകടവും , കഴിഞ്ഞ കോപ്പ അമേരിക്ക, യൂറോകപ്പ് മത്സര വിജയികളെയും സ്കോർ നില ഉൾപ്പെടെ മുൻകൂട്ടി പ്രവചിച്ചു കൊണ്ട് 2020 ൽ പ്രവചനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മെെൻഡ് റീഡർ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് കൂടിയാണ് പ്രീത്ത് അഴീക്കോട്. കണ്ണൂർ സ്വദേശിയായ പ്രീത്ത്, ബലൂൺ ആർട്ടിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ ഭാര്യ ഷിജിന , ബലൂൺ ആർട്ടിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവായ മകൾ ജ്വാല എന്നിവരോടൊപ്പം തിരുവനന്തപുരത്താണ് താമസം.