
ലോകത്തിലെ ഏറ്റവും സമ്പന്നരായ, ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയ ആളുകൾ കൂടുതൽ സമയവും ഒരേനിറത്തിലെ വസ്ത്രങ്ങൾ തന്നെ ധരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണം ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിലെ കാരണം ഫേസ്ബുക്ക് സഹസ്ഥാപകനും സി ഇ ഒയുമായ മാർക്ക് സക്കർബർഗ് ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ ഒരേനിറത്തിലെ വസ്ത്രങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നത് മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കുമെന്നാണ് സക്കർബർഗ് പറയുന്നത്. മാത്രമല്ല, ദിവസവും ഏത് വസ്ത്രം ധരിക്കണമെന്നാലോചിച്ച് തീരുമാനിക്കുന്നതിന് പകരം ജീവിതത്തിൽ എടുക്കേണ്ടി വരുന്ന തീരുമാനങ്ങളുടെ എണ്ണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. മാത്രമല്ല ലളിതമായ ജീവിതശൈലി പിന്തുടരാനും സാധിക്കുമെന്ന് സക്കർബർഗ് വ്യക്തമാക്കുന്നു. സക്കർബർഗിന് പുറമേ ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, ആപ്പിൾ സഹസ്ഥാപകനും സി ഇ ഒയുമായിരുന്ന സ്റ്റീവ് ജോബ്സ് എന്നിവരും ഇതേ ശീലം പിന്തുടരുന്നവരാണ്. ഈ ശീലത്തിന് പിന്നിലെ മറ്റ് രഹസ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?
ഒന്ന് ശ്രദ്ധിച്ചാൽ മനസിലാകും ഇവർ കൂടുതലും തിരഞ്ഞെടുക്കുന്നത് കറുപ്പ്, ഗ്രേ തുടങ്ങിയ ഇരുണ്ട നിറങ്ങളാവും. ഈ ശീലത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ ഇവയാണ്.
എവിടെയെങ്കിലും പോകാൻ ഉള്ളപ്പോഴോ ആരെയെങ്കിലും കാണേണ്ടതായി ഉള്ളപ്പോഴോ മിക്കവാറും പേരും ചിന്തിക്കുന്ന ഒന്നാണ് എന്താണ് ധരിക്കേണ്ടത് എന്നത്. എന്നാൽ ഒരേനിറത്തിലെ വസ്ത്രങ്ങളാണ് കൂടുതലും ഉള്ളതെങ്കിൽ ഈ കൺഷ്യൂഷൻ ഒഴിവാക്കാൻ സാധിക്കും.
ഏത് ധരിക്കണമെന്ന് ചിന്തിച്ച് അനാവശ്യമായി സമയം കളയേണ്ടി വരില്ല.
അലമാരയിൽ കൂടുതലും ഒരേനിറത്തിലെ വസ്ത്രങ്ങളാണെങ്കിൽ അവ അധികമായി വാങ്ങിക്കൂട്ടേണ്ടതില്ല. ഒരേനിറത്തിലെ വസ്ത്രങ്ങൾ തമ്മിലെ വ്യത്യാസം എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ധൈര്യമായി റിപ്പീറ്റ് ചെയ്യാം
ഒരേനിറത്തിലെ വസ്ത്രങ്ങളാകും തിരഞ്ഞെടുക്കുകയെന്നതിനാൽ ക്വാളിറ്റി, ബ്രാൻഡ് എന്നിവ ഇത്തരക്കാർക്ക് വളരെ പ്രധാനമായിരിക്കും. മാത്രമല്ല ഒരേനിറത്തിലെ വസ്ത്രം ധരിക്കുന്നതിനാൽ നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിർത്തും.