മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണെന്ന് നടൻ ശ്രീനിവാസൻ. ഏറ്റവും കൂടുതൽ സൂപ്പർഹിറ്റുകൾ എഴുതിയ ആളും താൻ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'കാപ്പ' സിനിമയുടെ പ്രമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കുറേക്കാലമായി മൂടിവച്ച ഒരു സത്യം ഞാൻ തുറന്നുപറയുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് ഞാനാണ്. ഏറ്റവും കൂടുതൽ സൂപ്പർഹിറ്റുകൾ എഴുതിയ ആളും ഞാൻ തന്നെയാണ്. ഏറ്റവും കൂടുതൽ തിരക്കഥകൾ എഴുതിയ ആളും ഞാൻ തന്നെയാണ്. ഞാൻ എന്നെ കൂടുതലൊന്നും പുകഴ്‌ത്തി പറഞ്ഞില്ലല്ലോ അല്ലേ.
ശരിക്ക് പറഞ്ഞാൽ നല്ല കുറച്ച് ആളുകൾ ഉള്ളതുകൊണ്ടാണ്, അവരുടെ കാരുണ്യം കൊണ്ടാണ് എന്നെ ഇവിടേക്ക് വിളിച്ചത്. ഞാൻ കുറച്ച് നാളായിട്ട് അഭിനയിക്കാറില്ലായിരുന്നു. ഫാസിലിനെ കണ്ടപ്പോൾ എനിക്ക് വല്യ സന്തോഷമായി. എന്നെ കാണാത്തതുകൊണ്ടാണോ അദ്ദേഹം എന്നെ വച്ച് സിനിമയെടുക്കാത്തതെന്ന് എനിക്ക് സംശയമുണ്ട്. ഞാൻ സംസാരിക്കാനൊക്കെ തുടങ്ങി. ഒരു സിനിമയിൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. അടുത്ത സിനിമയിൽ ഞാൻ എന്തായാലും അഭിനയിക്കാം.'- ശ്രീനിവാസൻ പറഞ്ഞു.