
ചെന്നൈ: രാജ്യത്ത് ജോലിത്തട്ടിപ്പുകൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. സർക്കാർ, കേന്ദസർക്കാർ സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയാണ് തട്ടിച്ചെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ഇത്തരം തട്ടിപ്പുകാരുടെ വലയിൽ വീഴുന്നത് എന്നതാണ് ഏറെ ദൗർഭാഗ്യകരം. ഏറ്റവുമൊടുവിലായി ഇന്ത്യൻ റെയിൽവേയുടെ പേരിൽ നടന്ന വലിയൊരു ജോലിതട്ടിപ്പാണ് വെളിച്ചത്തുവന്നത്.
തമിഴ്നാട് സ്വദേശികളായ 28 പേരാണ് തട്ടിപ്പിനിരയായത്. ടിടിഇ, ട്രാഫിക് അസിസ്‌റ്റന്റ്, ക്ളർക്ക് എന്നീ തസ്‌തികകളിൽ ജോലി വാഗ്‌ദ്ധാനം ചെയ‌്താണ് സംഘം തട്ടിപ്പ് നടത്തിയത്. രണ്ട് ലക്ഷം മുതൽ 24 ലക്ഷം വരെ ഇതിനായി ഓരോരുത്തരിൽ നിന്നും വാങ്ങി. ഇത്തരത്തിൽ ആകെ 2.67 കോടി രൂപ തട്ടിച്ചെടുത്തതായി ഡൽഹി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.
പണം നൽകിയ ഉദ്യോഗാർത്ഥികളെ ഒരു മാസത്തോളം ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടു പോയി വ്യാജ പരിശീലനത്തിന് വിധേയരാക്കി. പ്ളാറ്റ്‌ഫോമിൽ എത്തുന്ന ട്രെയിനുകളുടെ എണ്ണം എടുക്കുന്നതായിരുന്നു ഇവരെ കൊണ്ട് ചെയ്യിപ്പിച്ചത്. ഇരയായവരിൽ അധികവും എഞ്ചിനീയറിംഗ് അടക്കമുള്ള ബിരുദധാരികളാണ് എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത.
മധുരൈ വിരുദനഗർ സ്വദേശിയായ സുബ്ബുസ്വാമി വഴിയാണ് പണം കൈമാറിയത്. എന്നാൽ താൻ നിരപരാധിയാണെന്നും, ഡൽഹിക്കാരനായ വികാസ് റാണ എന്നയാൾക്കാണ് പണം മുഴുവനും കൈമാറിയതെന്ന് സുബ്ബുസ്വാമി പറയുന്നു. നോർത്തേൺ റെയിൽവേയിൽ ഡെപ്യൂട്ടി ഡയറക്‌ടർ എന്ന നിലയിലാണ് റാണ സ്വയം പരിചയപ്പെടുത്തിയതെന്നാണ് സുബ്ബുസ്വാമി പറയുന്നത്. മാത്രമല്ല സംഘാംഗമായ ശിവരാമൻ എന്നയാളെ ഡൽഹിയിൽ എംപിമാരുടെ ക്വാർട്ടേഴ്‌സ് പരിസരത്ത് കണ്ടിട്ടുണ്ടെന്നും ഇയാൾ പ്രതികരിച്ചു.
ഇത്തരത്തിൽ നടക്കുന്ന ജോലി തട്ടിപ്പിൽ യുവാക്കൾ ജാഗരൂകരായിരിക്കണമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ദിനപത്രങ്ങളിലടക്കം റെയിൽവേയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് നിരന്തരം അറിയിപ്പുകൾ നൽകിയിട്ടും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണെന്നും റെയിൽവേ ആവർത്തിച്ചു.