
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭയുമായി കൈകോർത്ത് മുൻ ലോകസുന്ദരിയും ബോളിവുഡ് താരവുമായ മാനുഷി ചില്ലർ. സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന മാനുഷി യുണൈറ്റഡ് നേഷൻസ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമുമായാണ് (യു എൻ ഡി പി) ചേർന്നുപ്രവർത്തിക്കുന്നത്.
സമൂഹത്തിൽ വ്യാപകമായ ഒരു വിഷയത്തിൽ യു എൻ ഡി പിയുമായി സഹകരിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്ന് മാനുഷി പറഞ്ഞു. താൻ എല്ലായ്പ്പോഴും ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ ശ്രമിക്കാറുണ്ട്. ലിംഗാധിഷ്ഠിത അക്രമം നിർഭാഗ്യകരമായ യാഥാർത്ഥ്യമാണ്. അത് വേരോടെതന്നെ ഇല്ലാതാക്കേണ്ടതുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം സമൂഹത്തിൽ അംഗീകരിക്കപ്പെട്ട അവസ്ഥയാണിന്ന്. ഇതിനോട് യോജിച്ചുപോകാൻ കുട്ടിക്കാലം മുതൽക്കുതന്നെ സ്ത്രീകളെ നിർബന്ധിതരാക്കുകയും ചെയ്യുന്നുവെന്നും മാനുഷി കൂട്ടിച്ചേർത്തു.
ഈ സംരംഭത്തിലൂടെ, അക്രമത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് എല്ലാവരേയും ബോധവാന്മാരാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ശബ്ദമുയർത്താൻ അവരെ പ്രോത്സാഹിപ്പിക്കാനും തങ്ങൾ ശ്രമിക്കുന്നു. ആളുകളുടെ ചിന്താഗതി മാറ്റാൻ വളരെയധികം സമയവും പരിശ്രമവും വേണ്ടിവരുമെങ്കിലും, ശരിയായ ദിശയിലേക്കുള്ള ആദ്യപടിയാണ് പ്രധാനമെന്നും മാനുഷി വ്യക്തമാക്കി.