
കൊച്ചി: നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യവിഭാഗം ഉണ്ടായിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. പി എഫ് ഐയ്ക്ക് ഇതര സമുദായത്തിൽപ്പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതിനായി രഹസ്യവിഭാഗം ഉണ്ടായിരുന്നതായാണ് കൊച്ചി എൻ ഐ എ കോടതിയിൽ അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.
ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കുന്നതിനായി സംസ്ഥാന വ്യാപകമായി ഒരു രഹസ്യ സംഘം പ്രവർത്തിച്ചിരുന്നു. വിവരശേഖരണം നടത്തുന്നതും പട്ടിക തയ്യാറാക്കുന്നതും ഈ രഹസ്യ സംഘമാണെന്ന് കോടതിയിൽ എൻ ഐ എ വ്യക്തമാക്കി. പി എഫ് ഐയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവർ പ്രവർത്തിച്ചിരുന്നത്. ലിസ്റ്റിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.റെയ്‌ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖൾ പരിശോധിച്ചതിൽ പി എഫ് ഐ നേതാക്കളുടെ ഐ എസ് ബന്ധത്തിന് തെളിവുകൾ ലഭിച്ചതായും എൻ ഐ എ കോടതിയെ അറിയിച്ചു.
രാജ്യവിരുദ്ധ പ്രവർത്തനത്തിന് പി എഫ് ഐ ഫണ്ട് നൽകിയതിലും അന്വേഷണം തുടരുകയാണ്. പതിനാല് പ്രതികളുടെ റിമാൻഡ് കാലാവധി 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും കൊച്ചി എൻ ഐ എ കോടതി അംഗീകരിച്ചു.