
ന്യൂഡൽഹി: സർക്കാർ പരസ്യം എന്ന പേരിൽ ആം ആദ്‌മി പാർട്ടി പ്രസിദ്ധീകരിച്ച രാഷ്ട്രീയ പരസ്യങ്ങൾക്ക് ചെലവായ 97 കോടി രൂപ തിരിച്ചുപിടിക്കാൻ ഉത്തരവിട്ട് ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേന. ചീഫ് സെക്രട്ടറി നരേഷ് കുമാറിന് ലഫ്. ഗവർണർ ഇതുസംബന്ധിച്ച് നിർദേശം നൽകി. അഞ്ചുവർഷം മുൻപ് ചെലവാക്കിയ തുക തിരിച്ചുപിടിക്കാനാണ് ഉത്തരവ്.
അതേസമയം, ഇത്തരം ഉത്തരവുകൾ പുറപ്പെടുവിക്കാൻ ലഫ്. ഗവർണർക്ക് അധികാരമില്ലെന്ന് ആം ആദ്‌മി പാർട്ടി പ്രതികരിച്ചു. 'ഒരു പുതിയ പ്രണയലേഖന'മെന്നാണ് എ എ പി ലഫ്. ഗവർണറുടെ നടപടിയെ വിശേഷിപ്പിച്ചത്. ബി ജെ പി ഭരിക്കുന്ന വിവിധ സംസ്ഥാന സർക്കാരുകൾ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരസ്യങ്ങൾക്കായി അവർ ചെലവഴിച്ച 22,000 കോടി രൂപ എപ്പോഴാണോ തിരിച്ചുപിടിക്കുക, ആ ദിവസം തങ്ങൾ 97 കോടി രൂപ നൽകുമെന്ന് ലഫ്. ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് എ എ പി എം എൽ എ സൗരഭ് ഭരദ്‌വാജ് പറഞ്ഞു.
തങ്ങൾ ഒരു ദേശീയ പാർട്ടിയായി മാറിയിരിക്കുകയാണ്. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബി ജെ പിയിൽ നിന്ന് അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ അവർ പരിഭ്രാന്തരാണ്. ലഫ്.ഗവർണർ ബി ജെ പിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത്. ഇത് ഡൽഹിയിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ഡൽഹിയിലെ ജനങ്ങൾ എത്രത്തോളം ആശങ്കാകുലരാണോ അത്രയധികം ബി ജെ പിയ്ക്ക് സന്തോഷമാകുമെന്നും എം എൽ എ കുറ്റപ്പെടുത്തി.