
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ നഗര വസന്തം പുഷ്‌പോത്സവം നാളെ ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കേരള റോസ് സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം നഗരസഭയുടെ സഹകരണത്തോടെയാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്. പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, അഡ്വ ആന്റണി രാജു, റോഷി അഗസ്റ്റിൻ, തിരുവനന്തപുരം നഗസഭ മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, എ.എ. റഹിം, വി.കെ. പ്രശാന്ത് എംഎൽഎ, റിഗാറ്റ നാട്യ സംഗീത കേന്ദ്ര ഡയറക്ടർ കലാമണ്ഡലം ഗിരിജ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
കനകക്കുന്നിലും നിശാഗന്ധിയിലും സുര്യകാന്തിയിലുമായി ഒരുക്കിയിട്ടുള്ള പുഷ്‌പോത്സവ പ്രദർശനത്തിലേക്ക് 22/12/2022 വൈകിട്ട് മൂന്നു മണി മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. മുതിർന്നവർക്ക് 100 രൂപയും 12 വയസുവരെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. തിരക്ക് ഒഴിവാക്കുന്നതിനായി നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നിനു മുൻവശം, മ്യൂസിയത്തിനെതിർവശത്തുള്ള ടൂറിസം ഓഫിസ്, ജവഹർ ബാലഭവനു മുൻവശത്തുള്ള പുഷ്‌പോത്സവത്തിന്റെ സംഘാടക സമിതി ഓഫിസ്, വെള്ളയമ്പലത്തെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓഫിസ്, വഴുതക്കാട് ടാഗോർ തിയെറ്റർ എന്നിവിടങ്ങളിലാണ് ടിക്കറ്റ് കൗണ്ടറുകൾ സജ്ജമാക്കിയിട്ടുള്ളത്. നഗരവസന്തത്തിന്റെ ഭാഗമായുള്ള പ്രദർശനം രാത്രി ഒരു മണിവരെ നീണ്ടു നിൽക്കും. രാത്രി 12 മണിവരെ പ്രദർശനം കാണാനുള്ള ടിക്കറ്റുകൾ ലഭ്യമാകും.
നൂറുകണക്കിന് ഇൻസ്റ്റലേഷനുകളാണ് വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഇവ കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി സ്ഥാപിച്ചിട്ടുണ്ട്. ഇൻസ്റ്റലേഷനുകൾ കേന്ദ്രീകരിച്ചാണ് നഗര വസന്തത്തിൽ പൂക്കളും ചെടികളും ക്രമീകരിച്ചിട്ടുള്ളത്. വിപുലമായ കട്ട് ഫ്ളവർ പ്രദർശനം, ബോൺസായ് പ്രദർശനം, അലങ്കാര മത്സ്യ പ്രദർശനം, അഡ്വഞ്ചർ ഗെയിംസ് 9ഡി തിയെറ്റർ തുടങ്ങിയ ആകർഷണങ്ങളും നഗര വസന്തത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും നഗര വസന്തത്തിന് മാറ്റുകൂട്ടും.
സിനിമാ താരങ്ങളായ പത്മപ്രിയ, രചന നാരായണൻകുട്ടി തുടങ്ങിയവരും നീന പ്രസാദ്, രാജശ്രീ വാര്യർ, ഗോപിക വർമ, പ്രിയ വെമ്പട്ടി തുടങ്ങിയവരും നൃത്ത പരിപാടികൾ അവതരിപ്പിക്കും. പിന്നണി ഗായകരായ ഗായത്രി, രാജലക്ഷ്മി, പുഷ്പവതി, അഖില ആനന്ദ്, അപർണ രാജീവ്, നാരായണി ഗോപൻ, ഖാലിദ് തുടങ്ങിയവരുടെ സംഗീത പരിപാടികളും, കനൽ മ്യൂസിക്കൽ ബാൻഡ്, ജനമൈത്രി പൊലീസിന്റെ സാംസ്‌കാരിക വിഭാഗം എന്നിവരുടെ കലാപരിപാടികളും അരങ്ങേറും. പൊതുനിരത്തുകളിലും സൂര്യകാന്തി പരിസരത്തുമായി സോളോ ഉപകരണ സംഗീത പരിപാടികളും ഉണ്ടായിരിക്കും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 20ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷണ വൈവിധ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഫുഡ്‌കോർട്ടും സൂര്യകാന്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്.