കൊച്ചി: പ്രൊഫഷണൽ അക്കൗണ്ടൻസി പ്രോഗ്രാം ആരംഭിക്കുന്നതിന് മഹാത്മാഗാന്ധി (എം.ജി) സർവകലാശാല എ.സി.സി.എ(അസോസിയേഷൻ ഒഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ്) യുമായി ധാരണാപത്രം ഒപ്പുവച്ചു. ഈ സഹകരണത്തിലൂടെ എം.ജി സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും എ.സി.സി.എയുമായി സംയോജിപ്പിച്ച ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ ലഭ്യമാകും. ഈ അദ്ധ്യയന വർഷം മുതൽ തന്നെ പ്രൊഫഷണൽ അക്കൗണ്ടൻസി പ്രോഗ്രാം തുടങ്ങും.
ഇന്നത്തെ സാഹചര്യത്തിൽ ഒരുപോലെ അക്കൗണ്ടിംഗും മാനേജ്‌മെന്റ് വൈദഗ്ദ്ധ്യവുമുള്ള പ്രൊഫഷണലുകളെ തൊഴിൽ മേഖലയിൽ ആവശ്യമാണെന്നും ഏത് മേഖലയിലും ബിസിനസ് വെല്ലുവിളികൾ നേരിടാൻ തയ്യാറാകേണ്ട വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം ഈ പ്രോഗ്രാം നിറവേറ്റുമെന്നും എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് പറഞ്ഞു.
എം.ജി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ തൊഴിലവസരത്തിന് ആവശ്യമായ അറിവ് നൽകുന്നതിന് അവരുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും എ.സി.സി.എ ഇന്ത്യ ഡയറക്ടർ മുഹമ്മദ് സാജിദ് ഖാൻ പറഞ്ഞു.