5g-triv

തിരുവനന്തപുരം: കേരളത്തിലെ 5ജി കുതിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ തുടക്കമിട്ടു. ഓൺലൈൻ മുഖാന്തരമാണ് സംസ്ഥാനത്തിലെ ആദ്യ 5ജി സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമാരംഭം കുറിച്ചത്. ആദ്യ ഘട്ടത്തിൽ കൊച്ചി നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലായിരിക്കും ജിയോയുടെ 5ജി സേവനം ലഭ്യമാകുക. കൊച്ചിയിലെ 130-ഓളം ടവറുകളിലാണ് 5ജി പ്രാരംഭഘട്ടത്തിൽ ലഭിക്കുക. കൂടാതെ ഗുരുവായൂരിലും ഇന്ന് മുതൽ 5ജി പ്രവർത്തനക്ഷമമാകും.

കൊച്ചിയ്ക്ക് പിന്നാലെ തലസ്ഥാന നഗരിയിൽ ഡിസംബർ 22 മുതലാണ് 5ജി പ്രവർത്തനമാരംഭിക്കുക. അടുത്ത വർഷം ആരംഭത്തോടെ തൃശ്ശൂർ, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലേയ്ക്കും 5ജി വ്യാപിപ്പിക്കും. 2023-ൽ സംസ്ഥാനത്തിലെമ്പാടും 5ജി സേവനം പൂർണമായി ലഭ്യമാക്കുമെന്നാണ് റിലയൻസ് ജിയോയുടെ വാഗ്ദാനം. സിം കാർഡുകളിൽ മാറ്റം വരുത്താതെ തന്നെ 5ജി സേവനം ആസ്വാദിക്കാവുന്ന തരത്തിലുള്ള സംവിധാനമാണ് ജിയോ ഒരുക്കിയിട്ടുള്ളത്.

ഒക്ടോബർ മുതലാണ് റിലയൻസ് ജിയോ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. മുംബയ്,​ ഡൽഹി,​ കൊൽക്കത്ത നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ 5 ജി ലഭ്യമാക്കിയത്. തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി സേവനങ്ങൾ ലഭിച്ചുതുടങ്ങുമെന്നാണ് റിലയൻസ് അറിയിച്ചിരുന്നത്.