debt
11.17 ലക്ഷം കോടി​യുടെ കി​ട്ടാക്കടം

ന്യൂഡൽഹി​: 2021-22 സാമ്പത്തിക വർഷം വരെയുള്ള ആറ് വർഷക്കാലയളവി​ൽ ബാങ്കുകൾ 11.17 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്ന് കേന്ദ്രസർക്കാർ. ധനകാര്യ സഹമന്ത്രി ഭഗവത് കരാദാണ് രേഖാമൂലമുള്ള മറുപടി​യി​ൽ ഇക്കാര്യം സഭയി​ൽ വ്യക്തമാക്കി​യത്. നാല് വർഷം പൂർത്തിയാകുമ്പോൾ പൂർണ പ്രൊവിഷനിംഗ് നടത്തിയവ ഉൾപ്പെടെയുള്ള നിഷ്‌ക്രിയ ആസ്തികൾ (എൻ.പി.എ) എഴുതിത്തള്ളൽ വഴി ബന്ധപ്പെട്ട ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്ന് നീക്കം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ നികുതി ആനുകൂല്യം നേടുന്നതിനും മൂലധനം ഒപ്റ്റിമൈസ് ചെയ്യുന്നതിനുമുള്ള പതിവ് നടപടി​കളുടെ ഭാഗമായാണ് എൻ.പി.എകൾ എഴുതിത്തള്ളുന്നത്, റി​സർവ് ബാങ്ക് മാർഗനിർദ്ദേശങ്ങൾക്കും അവരുടെ ബോർഡുകൾ അംഗീകരിച്ച നയത്തിനും അനുസരിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റി​സർവ് ബാങ്ക് കണക്കുകൾ പ്രകാരം പൊതുമേഖലാ ബാങ്കുകളും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും കഴിഞ്ഞ ആറ് സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 8,16,421 കോടി രൂപയും 11,17,883 കോടി രൂപയും എഴുതിത്തള്ളിയെന്നും അദ്ദേഹം പറഞ്ഞു.