
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകളകറ്റാൻ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ആധികാരിക രേഖ പുറത്തുവിടാൻ തീരുമാനം. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ഭൂപടത്തിൽ ഉൾപ്പെടുത്തേണ്ട അധികവിവരങ്ങൾ സമർപ്പിക്കാൻ അവസരമുണ്ടാകും.
ബുധനാഴ്‌ച റവന്യു, വനം, തദ്ദേശസ്വയംഭരണ മന്ത്രിമാരുടെ പങ്കാളിത്തത്തോടെ 87 പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, തഹസിൽദാർമാർ, വനംവകുപ്പുദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ യോഗമുണ്ടാകും. ഫീൽഡ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ യോഗത്തിൽ തീരുമാനമാകും.
സംസ്ഥാന സർക്കാരിന്റെ നിലപാട് വ്യക്തമാക്കി സുപ്രീംകോടതിയിൽ നൽകിയ രേഖ ജനങ്ങളുടെ ആശങ്കയകറ്റാൻ പ്രസിദ്ധീകരിക്കുന്നതിന് ഇന്നുചേർന്ന ഉന്നതതലയോഗം തീരുമാനമായിട്ടുണ്ട്. ഇതിൽ ജനവാസമേഖലകളെ ഒഴിവാക്കുന്ന തീരുമാനമുണ്ട്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഉപഗ്രഹ സർവെ റിപ്പോർട്ട് ആധികാരിക രേഖയല്ലെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവാദങ്ങളെന്നുമാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം അതിനാലാണ് രേഖ പ്രസിദ്ധീകരിക്കുന്നത്. നടപടികൾ വിശദീകരിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നതിനും തീരുമാനമുണ്ട്.നാളെ മന്ത്രിസഭാ യോഗശേഷമാകും വാർത്താ സമ്മേളനം.
അതേസമയം ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരായ പ്രതിഷേധത്തെ ഏകോപിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. വിഷയത്തിലെ ഉന്നതതല യോഗ തീരുമാനങ്ങൾ മല എലിയെ പ്രസവിച്ചതുപോലെയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്ത് വിലകൊടുത്തും കർഷക താൽപര്യം കോൺഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.