
ന്യൂഡൽഹി: വിവിധ ലോകരാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായിത്തുടങ്ങിയതോടെ ഏത് തരം സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര നിർദ്ദേശം. ആരോഗ്യമന്ത്രാലയം നൽകിയ കത്തിൽ ജപ്പാൻ, അമേരിക്ക, കൊറിയ, ബ്രസീൽ, ചൈന എന്നീ രാജ്യങ്ങളിലെ പെട്ടെന്നുളള കൊവിഡ് വ്യാപനത്തിൽ ജാഗരൂകരാകാനും പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിംഗ് കൂട്ടണമെന്നും പറയുന്നു. ഇൻസാകോഗ് അഥവാ ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക്‌സ് കൺസോർഷ്യം എന്ന രാജ്യത്തെ 50ലധികം ലാബുകളുടെ ശൃംഖല വഴി ഇത് നിരീക്ഷിക്കണം എന്നുമാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആവശ്യപ്പെടുന്നത്.
'പുതിയ വകഭേദങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിൽ അവയെ കൃത്യസമയത്ത് കണ്ടെത്താനും മതിയായ ചികിത്സയടക്കം പൊതു ആരോഗ്യ സംവിധാനങ്ങളെ വികസിപ്പിക്കാനും ഇത് സഹായിക്കും.' ആരോഗ്യ സെക്രട്ടറി അറിയിച്ചു.ആഗോളതലത്തിൽ 35 ലക്ഷത്തോളം കേസുകൾ ആഴ്‌ചതോറും റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നാണ് കേന്ദ്രം അറിയിക്കുന്നത്. രാജ്യത്ത് ഇന്ന് 112 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 3490 പോസിറ്റീവ് കേസുകൾ നിലവിലുണ്ട്.
ചൈനയിലെ കനത്ത കൊവിഡ് ബാധ കാരണം ശ്‌മശാനങ്ങൾ നിറഞ്ഞതായും പുതിയ കൊവിഡ് തരംഗത്തിൽ എത്ര കേസുകളുണ്ടെന്ന് പോലും കണ്ടെത്താൻ പ്രയാസമാണെന്നുമാണ് അന്താരാഷ്‌ട്ര വാർത്താ ഏജൻസികൾ അറിയിക്കുന്നത്. കൊവിഡ് ലോക്‌ഡൗണും ക്വാറന്റൈനും കൂട്ടമായുളള പരിശോധനകളും കുറച്ചതോടെ ആശുപത്രികളും ഫാർമസികളും രോഗികൾ കാരണം ബുദ്ധിമുട്ടുകയാണ്. രോഗം ബാധിച്ച് ശ്വാസതടസം വന്ന് മരിച്ചവരെ മാത്രമേ കൊവിഡ് രോഗികളായി കണക്കാക്കൂ എന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ നിലപാട്.