special-trains

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര കാലത്തെ തിരക്കുമൂലമുള്ള യാത്രാക്ളേശം പരിഹരിക്കാനായി സംസ്ഥാനത്തിന് കൂടുതൽ ട്രെയിൻ സർവീസ് അനുവദിച്ച് ദക്ഷിണ റെയിൽവേ. വിശേഷ സാഹചര്യം പരിഗണിച്ച് കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകളാണ് റെയിൽവേ ചൊവ്വാഴ്ച അനുവദിച്ചത്. ഇതോടുകൂടി ക്രിസ്മസ് പുതുവത്സര കാലയളവിൽ കേരളത്തിനായി അനുവദിച്ച ആകെ സ്പെഷ്യൽ ട്രെയിനുകളുടെ എണ്ണം 51 ആയി.

എറണാകുളം ജംഗ്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ - കൊല്ലം, എറണാകുളം ജംഗ്ഷൻ-വേളാങ്കണി, എറണാകുളം ജംഗ്ഷൻ- താമ്പരം, റൂട്ടുകളിലും കൂടാതെ പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക സർവീസുകൾ ലഭ്യമാകുക. ഡിസംബർ 22 മുതൽ ജനുവരി രണ്ട് വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക. ക്രിസ്മസ് അവധി ആഘോഷിക്കാനായി സംസ്ഥാനത്തിലേയ്ക്കെത്തുന്നവർക്കും തിരികെ മടങ്ങുന്നവർക്കും വിദ്യാർത്ഥികൾക്കും അടക്കം ട്രെയിൻ സർവീസുകളുടെ കുറവ് മൂലം ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിന് ഇതോട് കൂടി പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.