
മുഖ സംരക്ഷണത്തിനായി പല തരത്തിലുള്ള ക്രീമുകളാണ് ഇന്ന് വിപണിയിലുള്ളത്. മുഖക്കുരുക്കളും പാടുകളും കൂടാതെ മുഖം തെളിമയോടെ കാണപ്പെടാനും പലരും ക്രീമുകൾ ഉപയോഗിക്കാറുണ്ട്. മുഖത്തെ തെളിമ ചർമ്മത്തിന്റെ ആരോഗ്യത്തിന്റെ തന്നെ പ്രതീകമാണ്. അത് കൊണ്ട് തന്നെ ചർമ്മ സംരക്ഷണത്തിനായി ക്രീമുകൾ ഉപയോഗിക്കുന്നവർ ചർമ്മത്തെ നന്നായി സ്ക്രബ്ബ് ചെയ്യേണ്ടത് തനത് നിറം കാത്ത് സൂക്ഷിക്കാനായി ഏറെ അനിവാര്യമാണ്.
ചർമ്മത്തിലെ മൃതകോശങ്ങളെ മാറ്റി ആരോഗ്യവും വൃത്തിയുമുള്ളതാക്കി സൂക്ഷിക്കുന്നതിന് ആഴ്ചയിലൊരിക്കലെങ്കിലും സ്ക്രബിംഗ് തീർച്ചയായും ചെയ്തിരിക്കണം. സ്ക്രബിംഗ് വഴി ചർമ്മത്തിന്റെ ടെക്സ്ച്ചർ കാത്തു സൂക്ഷിക്കുവാനും, തിളക്കം വീണ്ടെടുക്കാനും, മുഖത്ത് കറുത്ത പാടുകൾ വരാതെ നോക്കുന്നതിനും സാധിക്കുന്നതാണ്. കൂടാതെ ചർമ്മത്തിലെ ചുളിവുകൾ മാറ്റി പ്രായക്കുകുറവ് തോന്നിക്കാനും ഈ മാർഗം സഹായകരമാണ്.
സ്ക്രബിംഗിന് ശേഷം ഉപയോഗിക്കുമ്പോഴാണ് ഫേസ് പാക്കുകൾക്കും ക്രീമുകൾക്കും ശരിയായ ഫലം ലഭിക്കുക. മൃത കോശങ്ങളും അഴുക്കുമെല്ലാം മാറി ക്രീമിലെയും ഫേസ് പാക്കിലെയും ഘടകങ്ങൾ നേരിട്ട് ചർമ്മത്തിന് വലിച്ചെടുക്കാൻ കഴിയുന്നതാണ് ഇതിന് കാരണം. മുഖത്ത് പലവിധത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നവർ അതിന് മുൻപ് പുരട്ടുന്ന ഫേസ് സ്ക്രബ് പ്രകൃതിദത്തമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിൽ അധികം കെമിക്കലുകളോ സമയനഷ്ടമോ ഇല്ലാതെ വീടുകളിൽ തന്നെ തയ്യാറാക്കാവുന്ന ഫേസ് സ്ക്രബിനെക്കുറിച്ച് കൂടുതലറിയാം.
തേൻ, പഞ്ചസാര ഇവയിലടങ്ങിയിരക്കുന്ന പ്രകൃതിദത്തമായ ഗുണങ്ങൾ ചർമ്മ സംരക്ഷത്തിൽ വലിയ പ്രാധാന്യമാണ് വഹിക്കുന്നത്. ചർമ്മത്തിലെ കുരുക്കൾ മാറ്റി തിളക്കം നൽകുന്നതിന് ഉപയോഗിക്കാവുന്ന തേനും മികച്ചൊരു സ്ക്രബറായി ഉപയോഗിക്കാവുന്ന പഞ്ചസാരയും ചേർത്ത് ഉപയോഗിക്കുമ്പോൾ മുഖത്തിന് പലവിധത്തിലുള്ള ഗുണങ്ങളാണ് ലഭിക്കുന്നത്.
തേനും പഞ്ചസാരയും ഉപയോഗിച്ച് ഫേസ് സ്ക്രബ് നിർമിക്കാനുള്ള രീതി.
•ഒരു ടീസ്പൂൺ വീതം തേനും പാലും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
•അത് മുഖത്ത് പുരട്ടിയ ശേഷം അഞ്ച് മിനിറ്റ് നന്നായി സ്ക്രബ് ചെയ്യുക.
•15 മിനിറ്റുകൾക്ക് ശേഷം മുഖം കഴുകി വൃത്തിയാക്കാവുന്നതാണ്.