cpm

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാവും. മൂന്നുദിവസം നീളുന്നതാണ് യോഗം. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റും ചേരും.

ബഫർ സോണിൽ സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് സിപിഎം യോഗം ചേരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ലീഗ് അനുകൂല പരാമർശം യോഗത്തിൽ ചർച്ചയാകാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയൻ രേഖ ഇത്തവണ സംസ്ഥാന സമിതി പരിഗണിക്കുമെന്നാണ് സൂചന. വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ഉദ്ദേശിച്ചാണ് രേഖ അവതരിപ്പിക്കുന്നത്.

അതേസമയം, ബഫർസോൺ വിഷയത്തിൽ സമവായത്തിനൊരുങ്ങിയിരിക്കുകയാണ് സർക്കാർ. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കിയുള്ള ഭൂപടം പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. കേസിൽ സുപ്രീം കോടതിയിൽ സാവകാശം തേടാനും മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം ചേരാനും യോഗത്തിൽ തീരുമാനമായി.

വിഴിഞ്ഞം പ്രക്ഷോഭത്തിന് സമാനമായി ക്രൈസ്തവസഭകൾ പ്രതിഷേധം കടുപ്പിക്കുന്ന ബഫർസോൺ പ്രശ്‌നത്തിൽ കോൺഗ്രസും വിവിധ സംഘടനകളും സമരം ശക്തമാക്കാൻ തീരുമാനിച്ചതോടെയാണ് സർക്കാരിന്റെ മുഖം രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ.