theyyam-

കണ്ണപുരം (കണ്ണൂർ): തെയ്യപ്രപഞ്ചത്തിൽ സ്ത്രീകൾ കെട്ടിയാടുന്ന ഏക തെയ്യം ദേവക്കൂത്ത് ചെറുകുന്ന് തെക്കുമ്പാട് തായക്കാവിൽ ഇന്ന് ഉറഞ്ഞാടും. ദേവകന്യകാസങ്കൽപ്പത്തിൽ തെക്കുമ്പാട്ടെ മുതിർന്ന സ്ത്രീയാണ് കോലമണിയുന്നത്.


ദേവക്കൂത്ത് മറ്റു തെയ്യങ്ങളെപ്പോലെ ഭക്തർക്ക് അനുഗ്രഹം നൽകാറില്ല. കാണികളുമായി കളിച്ചും ചിരിച്ചും പൂക്കൾ കണ്ടും കഥ പറഞ്ഞും പോകുന്നതിനിടയിൽ ഭൂമിയിൽ ഒറ്റപ്പെടുന്ന വള്ളിയമ്മയെന്ന ദേവകന്യകയുടെ ഇതിവൃത്തമാണ് ദേവക്കൂത്തിന്റേത്. വൈകിട്ട് തിരിച്ചുപോകുമ്പോൾ ഉടുക്കാൻ പുതുവസ്ത്രം ഇല്ലാത്തതിനെ തുടർന്ന് വള്ളിയമ്മ ദേവർഷിയെ വിളിച്ചു പ്രാർത്ഥിച്ചതിനുസരിച്ച് നാരദൻ പുതുവസ്ത്രവുമായി തെക്കുമ്പാട്ടെ ദീപിലേക്ക് ഇറങ്ങിവന്ന് വള്ളിയമ്മയെ ദേവലോകത്തേക്കു കൊണ്ടുപോകുന്നെന്നാണ് ഐതിഹ്യം.

മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട 18 ഏക്കർ വനത്തിലുള്ളിലെ തായക്കാവിൽ രാവിലെ 11 മണിയോടെ ദേവക്കൂത്ത് കെട്ടിയാടും. പഴയങ്ങാടി മാടായിയിലെ മലയൻ വളപ്പിൽ അംബുജാക്ഷിയാണ് കെട്ടിയാടുന്നത്. ദേവക്കൂത്ത് കെട്ടുന്ന ആറാമത്തെയാളാണ് അംബുജാക്ഷി. ഓലമെടഞ്ഞുണ്ടാക്കിയ ചെറുപുരയിലാണ് തെയ്യത്തെ ഒരുക്കുക.

ദേവക്കൂത്തിനോടനുബന്ധിച്ച് കൗതുകകരമായ മീനമൃതും ഉണ്ടാകും.ദ്വീപിന്റെ ചുറ്റുവട്ടത്തുനിന്നും പിടിച്ച 64 മീനുകളെ ആളും ആരവവുമായി അമ്പലമുറ്റത്തെത്തിച്ച് കോർത്തിടും. രാത്രിയും പകലും ക്ഷേത്രമുറ്റത്തെത്തുന്നവരെ രസിപ്പിക്കാൻ കമുകിൻ പാള കൊണ്ട് മുഖം മൂടിയിട്ട കാവൽക്കാരുമുണ്ടാകും.