imran-khan

ഇസ്ളാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഒരു സ്ത്രീയും തമ്മിൽ നടത്തിയ ലൈംഗിക സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പാക് മാദ്ധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ ഇമ്രാൻ ഖാന്റേതെന്ന പേരിൽ യുട്യൂബിൽ പങ്കുവച്ച ഓഡിയോ ക്ളിപ്പുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. പിന്നാലെ പാകിസ്ഥാനിൽ രാഷ്ട്രീയ കോളിളക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.

പാക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഓഡിയോ ചോ‌ർന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഓഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഓഡിയോയിലെ ശബ്ദം ഇമ്രാൻ ഖാന്റേതാണെന്ന് ചില പാക് മാദ്ധ്യമപ്രവർത്തകർ പറയുന്നു.

ഇമ്രാൻ ഖാന്റേതായി പ്രചരിക്കുന്ന സംഭാഷണത്തിൽ പുരുഷൻ സ്ത്രീയെ തമ്മിൽ കാണുന്നതിനായി നിർബന്ധിക്കുന്നത് കേൾക്കാം. എന്നാൽ സ്ത്രീ വിമുഖത കാണിക്കുകയും തനിക്ക് വേദന ഉണ്ടെന്ന് പറയുകയും ചെയ്യുന്നു. തുടർന്ന് പിറ്റേദിവസം നേരിൽ കാണുന്നതിനെക്കുറിച്ച് ഇരുവരും സംസാരിക്കുന്നു. കുടുംബവും കുഞ്ഞുങ്ങളും വരുന്നതിനാൽ കൂടിക്കാഴ്ചയെക്കുറിച്ച് താൻ പിന്നീട് അറിയിക്കാമെന്ന് പുരുഷ ശബ്ദം പറയുന്നു. അവരുടെ സന്ദർശനം വൈകിപ്പിക്കാൻ ശ്രമിക്കാമെന്നും നാളെ അറിയിക്കാമെന്നും പുരുഷൻ പറയുന്ന ശബ്ദശകലങ്ങളാണ് പ്രചരിക്കുന്നത്.

അതേസമയം, തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പുറത്തുവന്ന ഓഡിയോ ക്ളിപ്പെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു. നിലവിലെ സഖ്യസർക്കാരും സൈനിക മേധാവികളുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫും ( പിടിഐ) സംഭവം നിഷേധിച്ചു. ഓഡിയോ ക്ളിപ്പുകൾ വ്യാജമാണെന്നാണ് ഇവർ ആരോപിച്ചത്. സംഭാഷണം സോഫ്‌‌റ്റ്‌വെയർ ഉപയോഗിച്ച് നിർമിച്ചതാണെന്നും പിടിഐ പറഞ്ഞു. സോഫ്‌റ്റ്‌വെയറിൽ ശബ്ദം മാറ്റുന്ന വീഡിയോ അവതരിപ്പിച്ചാണ് ഇവർ തങ്ങളുടെ വാദം ഉറപ്പിച്ചത്. വ്യാജ വീഡിയോകളും ഓഡിയോകളും സൃഷ്ടിക്കുന്നതിനപ്പുറം പിടിഐ ചെയർമാനെതിരെ രാഷ്ട്രീയ എതിരാളികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതാവ് അർസ്ളാൻ ഖാലിദ് പറഞ്ഞു.