gun

ന്യൂഡൽഹി: നിറതോക്കുമായി ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ. നോർത്ത് ഡൽഹിയിലെ റൂപ് നഗറിലാണ് സംഭവം. ഹർഷ് എന്ന യുവാവാണ് പിടിയിലായത്. സുഹൃത്തുക്കളുടെ മുന്നിൽ 'ആളാകാൻ' വേണ്ടി യുവാവ് പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് മോഷ്‌ടിക്കുകയായിരുന്നു.


മോഷ്ടിച്ച തോക്കുമായി യുവാവ് പാർട്ടിയിൽ പങ്കെടുക്കാൻ പോകുന്ന വിവരം ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ഒരു അജ്ഞാതനാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. ഉടൻ പൊലീസ് പാർട്ടി നടക്കുന്നിടത്തേക്ക് പുറപ്പെട്ടു.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിതാവിന്റെ കൈവശമുണ്ടായിരുന്ന തോക്ക് സുഹൃത്തുക്കളുടെ മുന്നിൽ ആളാകാൻ വേണ്ടിയാണ് മോഷ്ടിച്ചതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രതിയുടെ പിതാവ് യോഗേന്ദർ കുമാറിനൊപ്പം സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന രാകേഷ് സോളങ്കി എന്നയാളുടെ പേരിലാണ് തോക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സോളങ്കി രണ്ട് ദിവസം മുമ്പ് ഉത്തർപ്രദേശിലേക്ക് പോയിരുന്നു. പോകുന്നതിന് മുമ്പ് തോക്ക് സൂക്ഷിക്കാനായി യോഗേന്ദർ കുമാറിന് നൽകുകയായിരുന്നു.