
ഭുവനേശ്വർ : രോഗിയുമായി ആശുപത്രിയിലേക്ക് പോയ വഴി ആംബുലൻസ് ഡ്രൈവർ മദ്യപിക്കാൻ ഇറങ്ങി. ഒഡീഷയിലെ ടിർട്ടോൾ ഏരിയയിലെ ദേശീയ പാതയിലാണ് സംഭവം. വഴിയരുകിൽ ആംബുലൻസ് നിർത്തി ഇറങ്ങിയ ഡ്രൈവർ രോഗിക്കും മദ്യം പകർന്നു നൽകി. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
In a shocking incident that took place in #Odisha #india ,a video of an ambulance driver drinking with a patient while on their way to hospital. In the video, the ambulance driver can be seen drinking and even sharing the drink with a patient. pic.twitter.com/gNJ07tECV6
— S a m (@cheguwera) December 20, 2022
പ്രചരിക്കുന്ന വീഡിയോയിൽ ആംബുലൻസ് ഡ്രൈവർ നിന്ന നിൽപ്പിൽ ഗ്ലാസിലെ പാനീയം വിഴുങ്ങുന്നത് കാണാം. കാലിന് പരിക്കേറ്റ് ആംബുലൻസിനുള്ളിലെ സ്‌ട്രെച്ചറിൽ കിടക്കുന്ന രോഗിയും ഇയാൾക്കൊപ്പം മദ്യം കഴിക്കുന്നുണ്ട്. ഇതേസമയം ആംബുലൻസിൽ ഒരു സ്ത്രീയും കുട്ടിയും കൂടി ഉണ്ടായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ആരോ അപ്‌ലോഡ് ചെയ്തത്. എന്നാൽ സംഭവം വിവാദമായതോടെ ജഗത്സിംഗ്പൂർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ പ്രതികരണവുമായി രംഗത്തെത്തി. സ്വകാര്യ ആംബുലൻസായതിനാൽ തങ്ങൾക്ക് നടപടി എടുക്കാനാവില്ലെന്നും, തെറ്റ് ചെയ്ത ഡ്രൈവർക്കെതിരെ ആർ ടി ഒയും പൊലീസും നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതുവരെയും തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ടിർട്ടോൾ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജുഗൽ കിഷോർ ദാസ് പറയുന്നത്.