lamborghini

റോം: ശസ്ത്രക്രിയയ്ക്കായുള്ള അവയവം രോഗികളുടെ അടുക്കലേയ്ക്ക് എത്തിക്കാൻ പൊലീസ് 'പറന്നത്' ലംബോർഗിനിയിൽ. ഇന്നലെ ഇറ്റലിയിലാണ് സംഭവം നടന്നത്. ഇറ്റലിയുടെ വടക്കുകിഴക്കൻ പ്രദേശമായ പദുവയിൽ നിന്ന് മൊഡേണയിലെത്തി അവിടെനിന്ന് റോമിലേയ്ക്ക് നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടിയാണ് ഇറ്റാലിയൻ പൊലീസ് രണ്ട് വൃക്കകൾ സുരക്ഷിതമായി എത്തിച്ചത്.

'ഏറ്റവും സുന്ദരമായ ക്രിസ്‌മസ് സമ്മാനം എത്തിക്കുന്നതിനായുള്ള യാത്രയിൽ' എന്ന അടിക്കുറിപ്പോടെ ഇറ്റാലിയൻ പൊലീസ് സംഘം ദൗത്യത്തിന്റെ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

View this post on Instagram A post shared by Polizia di Stato - Italy (@poliziadistato_officialpage)

2017ൽ ആഡംബര കാർ നിർമാതാക്കൾ ഇറ്റാലിയൻ പൊലീസിന് സമ്മാനിച്ച ലംബോർഗിനി ഹുറാകാനാണ് രണ്ടുപേരുടെ ജീവൻ രക്ഷിക്കുന്നതിനായി അവയവങ്ങളും കൊണ്ട് പറന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയാണ് ഇതിന്റെ പ്രത്യേകത. 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനുള്ള ശേഷിയും ഇതിനുണ്ട്. കിഴക്കൻ ഇറ്റലിയുടെ ഭാഗമായ ബൊലോഗ്‌നയിൽ പട്രോളിംഗിനാണ് ഈ വാഹനം കൂടുതലായും ഉപയോഗിക്കുന്നത്. പൊലീസിന്റെ ആവശ്യങ്ങൾക്കും അടിയന്തര സാഹചര്യങ്ങളിൽ രക്തവും അവയവങ്ങളും എത്തിക്കുന്നതിനും ഇത് ഉപയോഗിക്കാറുണ്ട്. മറ്റൊരു ഹുറാകാൻ റോമിലെ ഹൈവേ പട്രോളിംഗിനായും ഉപയോഗിക്കുന്നു. 2009ൽ പൊലീസ് ഉപയോഗിച്ചിരുന്ന ലംബോർഗിനി ഗല്ലാർഡോ ഇപ്പോൾ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.