china-covid-

കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന വീണ്ടും പരീക്ഷണ ഘട്ടത്തിലൂടെ കടന്ന് പോവുകയാണ്. രാജ്യത്ത് കൊവിഡ് അതി ഭീകരമായ രീതിയിൽ പടരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിവുപോവെ എല്ലാം രഹസ്യമാക്കി വച്ച് ലോകത്തിന്റെ കണ്ണിൽ പൊടിയിടുന്ന തന്ത്രങ്ങളാണ് ചൈനീസ് ഭരണകൂടം പയറ്റുന്നത്. മരണസംഖ്യയടക്കം മറച്ചുവയ്ക്കുമ്പോഴും ചൈനയിലെ ശ്മശാനങ്ങളുടെ മുന്നിൽ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നതിനായി കൂട്ടമായി എത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 2019ൽ ചൈന രഹസ്യമായി ഒളിപ്പിച്ച വൈറസ് വ്യാപനമാണ് ലോകത്തിനാകെ ഭീഷണിയായത്. എന്നാൽ ഇനി ഇതാവർത്തിച്ചാൽ ചൈനയ്ക്ക് വലിയ പാഠമാവും പഠിക്കേണ്ടി വരിക.

2) Summary of #CCP's current #COVID goal: “Let whoever needs to be infected infected, let whoever needs to die die. Early infections, early deaths, early peak, early resumption of production.” @jenniferzeng97

Dead bodies piled up in NE China in 1 night—pic.twitter.com/nx7DD2DJwN

— Eric Feigl-Ding (@DrEricDing) December 19, 2022

2019 അല്ല ഇത് 2022

കൊവിഡിന്റെ കാര്യത്തിൽ 2019ൽ നിന്നും ലോകരാജ്യങ്ങൾ 2022ലെത്തുമ്പോൾ ഏറെ കാര്യങ്ങൾ പഠിച്ചു. 2019ൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇതെങ്ങനെ നേരിടണമെന്നോ, എങ്ങനെ പകരുന്നു എന്നുപോലും വ്യക്തത ഇല്ലായിരുന്നു. വാക്സിൻ കണ്ടുപിടിക്കാത്ത രോഗത്തിന് ലോക്ഡൗൺ എന്ന മരുന്ന് മാത്രമായിരുന്നു വിദഗ്ദ്ധർക്ക് പോലും ഉപദേശിക്കാനുണ്ടായിരുന്നത്. ലോക്ഡൗണിലൂടെ സമൂഹിക അകലം ഉറപ്പാക്കി രോഗം തടയാമെന്ന പ്രതീക്ഷയായിരുന്നു. എന്നാൽ പിന്നീട് വാക്സിനുകൾ വിവിധ രാജ്യങ്ങളിൽ നിന്നും പുറത്തിറങ്ങിയതോടെ കൊവിഡിനൊപ്പം ജീവിക്കാനാവും എന്ന പ്രതീക്ഷ കൈവന്നു.

ലോകരാജ്യങ്ങളിൽ കൊവിഡ് ഭീതിയകന്ന് ജനജീവിതം സാധാരണ നിലയിലായിട്ടും ചൈനയിൽ ഇനിയും ഇത് സാദ്ധ്യമായിട്ടില്ല. സിറോ കൊവിഡിന്റെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ കൂടുതൽ അടിച്ചമർത്താനുള്ള അവസരമായിട്ടാണ് ചൈനീസ് ഭരണകൂടം കൊവിഡ് നിയന്ത്രണങ്ങളെ കണ്ടത്. ഇതിനൊപ്പം വിവിധ രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ എത്തിച്ച ചൈന സ്വന്തം രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് ഇനിയും വാക്സിൻ പൂർണ തോതിൽ നൽകിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ നിന്നും ചൈനയുടെ കണക്കുകൂട്ടൽ എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

കൊവിഡ് നിയന്ത്രണങ്ങൾ ചൈനയുടെ സാമ്പത്തിത സ്ഥിതിക്കും ഏറെ മങ്ങലേൽപ്പിച്ചു. വിവിധ നിർമ്മാണ കമ്പനികൾ രാജ്യം വിടുന്ന അവസ്ഥവരെയുണ്ടായി. ആപ്പിൾ ഫോൺ നിർമ്മാതാക്കളടക്കം ചൈനയിലെ ഫാക്ടറികളിൽ നിന്നും പിൻവാങ്ങുകയാണ്.

സ്ഥിതി ആശങ്കാജനകം

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ചൈനയിൽ കൊവിഡ് കേസുകൾ കുതിക്കുന്നതിൽ ആശങ്ക. ബീജിംഗ്, ഷാങ്ഹായി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആശുപത്രികൾ രോഗികളാൽ നിറയുന്നതായാണ് വിവരം. വരുന്ന 90 ദിവസത്തിനുള്ളിൽ ചൈനയിലെ 60 ശതമാനം പേരും ലോകത്തെ പത്ത് ശതമാനം പേരും വൈറസ് ബാധിതരാകുമെന്ന് യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാംക്രമിക രോഗ വിദഗ്ദ്ധൻ എറിക് ഫീഗൽ ഡിങ്ങ് പറയുന്നു.

ചൈനയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഭരണകൂടം ഇത് അംഗീകരിച്ചിട്ടില്ല. ശ്വാസകോശ പ്രശ്നം മൂലം മരിക്കുന്ന കൊവിഡ് രോഗികളെ മാത്രമാണ് ഔദ്യോഗിക പട്ടികയിൽ ചേർക്കുന്നതെന്നാണ് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മിഷൻ പറയുന്നത്. രാജ്യത്ത് പടരുന്ന ഒമിക്രോണിന്റെ തീവ്രത കുറഞ്ഞെന്നും വൈറസിനൊപ്പം ഇനി ജീവിക്കണമെന്നുമാണ് ചൈനീസ് അധികൃതർ പറയുന്നത്.

ചൈന ഉത്തരം നൽകണം

2019ൽ സംഭവിച്ച തെറ്റ് ഇനിയും ആവർത്തിക്കാൻ ചൈനയെ മറ്റു രാജ്യങ്ങൾ അനുവദിക്കില്ലെന്നത് ഉറപ്പാണ്. അതിനാൽ തന്നെ ഇപ്പോഴത്തെ രാജ്യത്തെ രോഗാവസ്ഥ ചൈനയ്ക്ക് വിശദീകരിച്ചേ മതിയാവു. എന്തുകൊണ്ടാണ് ചൈനയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നത്? വൈറസിന്റെ ഒരു പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞോ ? കൊവിഡ് വ്യാപനം തടയുന്നതിനും മറ്റ് രാജ്യങ്ങളിലേക്കുള്ള സ്പിൽഓവർ തടയുന്നതിനും ചൈന എന്താണ് ചെയ്യുന്നത്? കുറഞ്ഞത് ഇത്രയും ചോദ്യങ്ങൾക്കെങ്കിലും ചൈന മറുപടി നൽകേണ്ടി വരും. ലോകത്തെ വീണ്ടും ഒരു മഹാമാരിയിലേക്ക് തള്ളിയിടാൻ ചൈന ഒരുങ്ങിയാൽ സാമ്പത്തികമായി ചൈനയുടെ തകർച്ചയാവും വരും നാളുകൾക്ക് പറയാനുണ്ടാവുക.