
ഇന്നും പുരുഷൻമാർ കൂടുതലായും ശോഭിക്കുന്ന മേഖലയാണ് താളവാദ്യ സംഗീത മേഖല. എന്നാൽ 97 വർഷങ്ങൾക്ക് മുൻപ് ഈ മേഖലയിലേയ്ക്ക് മൃദംഗവുമായി ഒരു 17കാരി എത്തി വേദി കയ്യടക്കിയെന്ന് കേട്ടാൽ വിശ്വസിക്കാനാകുമോ? 1927ൽ മദ്രാസിൽ നടന്ന ഓൾ ഇന്ത്യാ മ്യൂസിക് കോൺഫറൻസിലാണ് 22 പുരുഷൻമാർക്കൊപ്പം ഏകവനിതയായി തിരുക്കോകർണം രംഗനായകി അമ്മാളെന്ന 17കാരി മൃദംഗവാദ്യത്തിൽ അത്ഭുതം സൃഷ്ടിച്ചത്. പുരുഷ മേധാവിത്വമുള്ള കർണാടക താളവാദ്യരംഗത്ത് കടന്നുവന്ന ആദ്യ ഇന്ത്യൻ വനിതയെന്നാണ് രംഗനായകി അമ്മാളിനെ ചരിത്രം രേഖപ്പെടുത്തുന്നത്.
1910 മേയ് 28ന് തമിഴ്‌നാട്ടിൽ ജനനം. രംഗനായകി അമ്മാളിന്റെ പിതാവ് തിരുക്കോകർണം ശിവരാമൻ പ്രശസ്ത കലാകാരനായിരുന്നു. പുതുക്കോട്ടയ് ദക്ഷിണമൂർത്തി പിള്ളയുടെ ശിക്ഷണത്തിലായിരുന്നു രംഗനായകി അമ്മാളിന്റെ മൃദംഗ പരിശീലനം. ഇതിനിടയിൽ ഭരതനാട്യം അഭ്യസിക്കുന്നതും തുടർന്നു. രംഗനായകി അതിവേഗം ദക്ഷിണമൂർത്തിയുടെ പ്രിയപ്പെട്ട ശിഷ്യയായി. അതിസങ്കീർണമായ താളങ്ങൾ പോലും രംഗനായകി അനായാസം അവതരിപ്പിക്കുന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. 1930ൽ ദക്ഷിണമൂർത്തി എഴുതിയ കത്തിൽ രംഗനായകിയെ ബുദ്ധിമതിയെന്നാണ് വിശേഷിപ്പിച്ചത്.
സംഗീതമേഖലയിൽ രംഗനായകിയുടെ അത്ഭുതപ്പെടുത്തുന്ന വളർച്ചയ്ക്കാണ് 1930 സാക്ഷ്യം വഹിച്ചത്. അക്കാലത്തെ അതിപ്രശസ്ത പാട്ടുകാരിയായ ഡി കെ പട്ടമ്മാളോടൊപ്പം പല വേദികളിലും രംഗനായകി കയ്യടികൾ ഏറ്റുവാങ്ങി. 1940കളിൽ അക്കാലത്തെ പ്രശസ്ത കലാകാരായ ബൃന്ദ ഓർ മുക്ത, ബാംസുരി മാലി, ചന്ദ്ര രാമമൂർത്തി എന്നിവരോടൊപ്പവും രംഗനായകി പ്രകടനം കാഴ്ചവച്ചിരുന്നു. ഓൾ ഇന്ത്യാ റേഡിയോയിൽ സ്ഥിരമായി അവർ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
1966ൽ തിരുപ്പതിയിലെ പത്മാവതി കോളേജിൽ അദ്ധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് മധുരയിലെ സദ്‌ഗുരു സംഗീത സമാജത്തിലും ജോലി ചെയ്തു. മൃദംഗത്തിന് പുറമെ ഭരതനാട്യവും അവർ പഠിപ്പിച്ചിരുന്നു.
കലൈമാമണി പുരസ്‌കാരം ഒഴികെ സംഗീതലോകത്തെ അനേകം പുരസ്കാരങ്ങൾ രംഗനായകി അമ്മാളിനെ തേടിയെത്തിയിരുന്നു. 1960കൾ വരെ രംഗനായകി അരങ്ങ് വാണിരുന്നുവെന്നാണ് അക്കാലത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 1998 ഓഗസ്റ്റ് 15നായിരുന്നു മൃദംഗവാദ്യത്തിൽ സ്വന്തം പേര് ചരിത്രത്തിൽ എഴുതിച്ചേർത്ത പ്രതിഭ ലോകത്തോട് വിടപറഞ്ഞത്.