imran-khan

വിവാദങ്ങളുടെ തോഴനാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാഷ്ട്രീയത്തിലായാലും സ്വകാര്യജീവിതത്തിലായാലും വിവാദങ്ങൾ എന്നും ഇമ്രാനെ പിന്തുടർന്നു കൊണ്ടേയിരുന്നു. ഇപ്പോഴിതാ പുതിയൊരെണ്ണം കൂടി പാക് മുൻ ക്രിക്കറ്റ് ക്യാപ്‌ടൻ കൂടിയായ ഇമ്രാനെ തേടി എത്തിയിരിക്കുന്നു. ഒരു സ്ത്രീയുമായി ഇമ്രാൻ നടത്തിയ ലൈംഗിക ചുവയുള്ള സംസാരമാണ് ലീക്കായിരിക്കുന്നത്.

പാകിസ്ഥാനി മാദ്ധ്യമപ്രവർത്തകനായ സെയിദ് അലി ഹൈദറാണ് യൂട്യൂബിലൂടെ ഓഡിയോ ക്ളിപ്പ് പുറത്തുവിട്ടത്. ക്ളിപ്പിലെ ശബ്ദ‌ം പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. പുരുഷൻ ഇമ്രാൻ ആണെന്നാണ് പുറത്തുവരുന്ന വിവരം. സ്ത്രീയോട് എത്രയും പെട്ടെന്ന് തന്നെ പ്രത്യേകമായി കാണണം എന്നാണ് ഇയാൾ പറയുന്നത്. അത് അവർ നിരസിക്കുന്നുമുണ്ട്. ഇപ്പോൾ സുഖമില്ലെന്നാണ് സ്ത്രീ നൽകുന്ന മറുപടി. പിറ്റേദിവസം നടന്ന ചർച്ച എന്ന തരത്തിലും ഓഡിയോ തുടരുന്നുണ്ട്. അതിൽ പറയുന്നത്, തന്റെ കുടുംബം ഉടൻ തിരികെ വരാൻ സാദ്ധ്യതയുണ്ടെന്നും, അതിനാൽ കൂടിക്കാഴ്‌ച എത്രയുംവേഗം നിശ്ചയിക്കണമെന്നുമാണ്.

എന്നാൽ പ്രചരിക്കുന്ന ഓഡിയോ വ്യാജമാണെന്നും ശബ്ദ‌രേഖ ഇമ്രാന്റെത് അല്ലെന്നുമാണ് അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്‌രിക് ഇ ഇൻസാഫ് പ്രതികരിച്ചിട്ടുള്ളത്. ഇത്തരം വ്യാജപ്രചരണങ്ങളിലൂടെ തങ്ങളുടെ നേതാവിനെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പാർട്ടി വക്താക്കളുടെ പ്രതികരണം.