
തിരുവനന്തപുരം : ലഹരി വിരുദ്ധ ക്യാംപയിനിടെ ബാറിൽ കയറി മദ്യപിച്ചതിന് രണ്ട് ഡി വൈ എഫ് ഐ നേതാക്കൾക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനേയും നേമം ഏരിയാ പ്രസിഡന്റ് ആഷിഖിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. നേമം ഡി വൈ എഫ് ഐ ഏരിയാ കമ്മിറ്റിയാണ് യുവനേതാക്കൾക്കെതിരെ നടപടി എടുത്തത്.
മറ്റ് രണ്ട് നേതാക്കൾക്കെതിരെയും ലഭിച്ച പരാതികളിൽ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. ഒരു ലക്ഷം രൂപ ആംബുലൻസ് ഫണ്ടിൽ നിന്നും തട്ടിയെടുത്തെന്ന ആരോപണമുയർന്ന ഏരിയാ സെക്രട്ടറി മണിക്കുട്ടനെതിരെയും ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെയുമാണ് അന്വേഷണം. തിരുവനന്തപുരം ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്.