death

കോഴിക്കോട്: ഛർദിച്ച് അവശയായി ചികിത്സയിലായിരുന്ന ഒൻപതുവയസുകാരി മരിച്ചു. തെലങ്കാന സ്വദേശി ജെയിൻ സിംഗിന്റെ മകൾ ഖ്യാതി സിംഗ് ആണ് മരിച്ചത്. എൻ ഐ ടി ജീവനക്കാരനാണ് ജെയിൻ സിംഗ്. കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് മകൾക്ക് ഛർദി അനുഭവപ്പെട്ടതെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഈ മാസം പതിനേഴിന് കട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയിൽ നിന്ന് കുട്ടിയും മാതാപിതാക്കളും കുഴിമന്തി കഴിച്ചിരുന്നു. തുടർന്നാണ് ഛർദി തുടങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്.

ഛർദിച്ച് തളർന്ന കുട്ടിയെ മാതാപിതാക്കൾ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് കുട്ടി മരിച്ചത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ വിഷാംശം എത്തിയതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചെന്ന് രക്ഷിതാക്കൾ പറഞ്ഞു. നാല് മാസം മുമ്പാണ് ജെയിൻ സിംഗ് കോഴിക്കോട്ടെത്തിയത്.