
കൊവിഡ് തെല്ലൊന്നൊതുങ്ങി ജീവിതം സാധാരണ ഗതിയിലായി തുടങ്ങിയെങ്കിലും അടുത്തിടെ കാലാവസ്ഥയിൽ ഉണ്ടായ മാറ്റങ്ങൾ പലതരം അണുബാധകൾക്ക് കാരണമാകുന്നുണ്ട്. കഠിനമായ ചൂടോടു കൂടിയ പനിയേക്കാൾ ജലദോഷം, തുമ്മൽ, മൂക്കടപ്പ് എന്നീ ലക്ഷണങ്ങളുള്ള വൈറൽ പനിയും അതോടൊപ്പം ചെങ്കണ്ണും ഇപ്പോൾ വളരെ കൂടുതലായി കണ്ട് വരുന്നു. കണ്ണിന്റെ നേർത്ത പാളിയായ കൺജക്ടീവയിൽ ഉണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ് അഥവാ conjunctivitsi. ഇതൊരു സാംക്രമിക രോഗമാണ് . വൈറസോ, ബാക്ടീരിയയോ ഇതിനു കാരണമാകാമെങ്കിലും ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് വൈറസ് അണുബാധമൂലമുള്ള ചെങ്കണ്ണാണ്.
രോഗലക്ഷണങ്ങൾ
കണ്ണിൽ ചുവപ്പു നിറം, കണ്ണുനീരൊലിപ്പ്, ചൊറിച്ചിൽ, മണൽവാരിയിട്ട പോലുള്ള അസ്വസ്ഥത, പോളവീക്കം എന്നിവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങൾ. ഇതിനു പുറമേ കൺപോള തുറക്കാനാകാത്ത വിധം പീള കെട്ടുക , പ്രകാശത്തിലേക്ക് നോക്കുമ്പോൾ അസ്വസ്ഥത എന്നിവയും ഉണ്ടാകാം. വൈറൽ ചെങ്കണ്ണ് ബാധിച്ച വ്യക്തികളിൽ ജലദോഷം, ചെറിയ പനി, കഴല വീക്കം എന്നിവയും കണ്ടുവരുന്നു.
90 % ചെങ്കണ്ണും വൈറസ് അണുബാധ മൂലമാണെന്ന് സൂചിപ്പിച്ചല്ലോ. വളരെ പെട്ടന്നാണ് പടരുക. 48 മണിക്കൂറിനകം അടുത്ത വ്യക്തിയിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങാം. സമ്പർക്കം വഴിയാണ് ഇത് പടരുക എന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും പെട്ടന്ന് രോഗം ബാധിക്കാം. സാധാരണഗതിയിൽ ഇത് കാഴ്ചയെ സാരമായി ബാധിക്കാറില്ല. എങ്കിലുംചെറിയ ശതമാനം ആളുകളിൽ കണ്ണിന്റെ കൃഷ്ണമണിയെ ബാധിച്ചാൽ കെരാടൈറ്റിസ് എന്ന അവസ്ഥയുണ്ടാകാം. അപ്പോൾ കോർണിയയിൽ കലകൾ വീഴുകയും അത് ഭാവിയിൽ കാഴ്ചയെ ബാധിക്കുകയും ചെയ്യാം. ബാക്ടീരിയൽ ചെങ്കണ്ണ് ഇരുകണ്ണിനേയും ഒരേ സമയം ബാധിക്കാം. കണ്ണ് തുറക്കാൻ പറ്റാത്ത വിധം കട്ടിയായി പീള കെട്ടുകയും കണ്ണുനീരൊലിപ്പും അസ്വസ്ഥതയും ഉണ്ടാകാം.
ചികിത്സ
സ്വയം ചികിത്സ ഒഴിവാക്കുക. ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ നേത്രരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടുക. കണ്ണിൽ ഒഴിക്കാനുള്ള തുള്ളി മരുന്നുകളും ഓയിൻമെന്റും കൃത്യമായി ഉയോഗിക്കുക. ഇവ രോഗം പെട്ടന്ന് സുഖപ്പെടുത്തുന്നതിന് സഹായകമാവും.
എങ്ങനെ പ്രതിരോധിക്കാം
വീട്ടിൽ ഒരാൾക്ക് ചെങ്കണ്ണ് ബാധിച്ചാൽ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ പെട്ടന്ന് മറ്റുള്ളവരിലേക്കും രോഗം പടരാം. ഏറ്റവും പ്രധാനം വ്യക്തി ശുചിത്വമാണ്. അണുബാധയുള്ള വ്യക്തി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കുക. രോഗിയുപയോഗിക്കുന്ന സ്വകാര്യ വസ്തുക്കൾ(ടവൽ , സോപ്പ് , തലയണ) മറ്റുള്ളവർ ഉയോഗിക്കാതിരിക്കുക. ഇവ അണുവിമുക്തമാക്കുക.
കണ്ണുതുടയ്ക്കാൻ ടിഷ്യു പേപ്പർ അല്ലെങ്കിൽ കോട്ടൺ സ്വാബ് ഉയോഗിക്കുകയും, അത് സൂക്ഷിച്ചു ഡിസ്‌പോസ് ചെയ്യുകയും വേണം.അണുബാധയുള്ളപ്പോൾ പൊതു സ്ഥലങ്ങൾ സന്ദർശിക്കരുത്. കഴിയുന്നതും ആൾക്കാരുമായി സമ്പർക്കം ഒഴിവാക്കുക.നീന്തൽകുളങ്ങൾ, സിനിമാ തീയേറ്ററുകൾ എന്നിവടങ്ങളിൽ ഉപയോഗിക്കുന്ന 3D കണ്ണടകൾ അണുബാധയുടെ സ്രോതസുകളാണെന്നറിയുക.
കോൺടാക്ട് ലെൻസ് ധരിക്കുന്ന ആളുകൾ അണുബാധയുള്ളപ്പോൾ അത് മാറ്റി പകരം കണ്ണാടി ഉയോഗിക്കണം.കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുകയും ശുദ്ധ ജലത്തിൽ കണ്ണ് ഇടയ്ക്കിടെ കഴുകുകയും ചെയ്യാം.വേണ്ടത്ര ശുചിത്വമില്ലാത്ത സ്രോതസ്സിൽ നിന്നെടുത്താൽ പൂർണമായി അണുവിമുക്തമായിരിക്കില്ല. ഇളനീർകുഴമ്പ്, മല്ലി വെള്ളം എന്നിവയൊന്നും ചെങ്കണ്ണിന്റെ മരുന്നുകളല്ല.
സാധാരണയായി മൂന്ന് മുതൽ അഞ്ച് ദിവസം കൊണ്ട് അണുബാധ കുറയും. കണ്ണിന്റെ ചുവപ്പ് മാറി വെള്ളയാകുകയും പീള കുറഞ്ഞ് കണ്ണ് തെളിയുകയും ചെയ്താൽ ഇൻഫെക്ഷൻ മാറി എന്ന് കരുതാം. കൊച്ചുകുട്ടികളിൽ വളരെ പെട്ടന്ന് പടരുന്നത് കൊണ്ട് പൂർണമായി ഭേദമാകാതെ അവരെ സ്‌കൂളിലേക്ക് വിടാതിരിക്കുക. അതുപോലെ മുതിർന്നവർ തിരികെ ജോലിയിൽ പ്രവശിക്കുന്നതിന് മുൻപ് ഡോക്ടറെ കണ്ട് രോഗം മാറി എന്ന് ഉറപ്പ് വരുത്തുക. ചെങ്കണ്ണ് വളരെ പെട്ടന്ന് പടരുന്ന ഒരു സാംക്രമിക രോഗമാണ്. എന്നാൽ കൃത്യമായ വ്യക്തി ശുചിത്വത്തിലൂടെയും ശരിയായ ചികിത്സയിലൂടെയും ഇത് പടരുന്നത് നമുക്ക് തടയാം.
ഡോ. അഞ്ചു ഹാരിഷ്
കൺസൾട്ടന്റ് ഓഫ്താൽമോളജിസറ്റ്
എസ്. യു . ടി ഹോസ്പിറ്റൽ , പട്ടം